FeaturedHome-bannerKeralaNews

Draupadi Murmu:ചരിത്ര വിജയം;ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തിൽ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി അറിയിച്ചു.

ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണയാണ് മുർമുവിനു ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. അൽപസമയത്തിനകം ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും.

മുർമുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകൾ അസാധുവായെന്നും പി.സി. മോദി അറിയിച്ചു. പാര്‍ലമെന്‍റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.

എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുര്‍മു മൂന്നില്‍ രണ്ട് വോട്ടുനേടി ജയിക്കുമെന്നാണ് സൂചന. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ആഘോഷങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു. കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി. ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ആശ്വാസമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker