തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
ജൂലൈ ആദ്യം തന്നെ ഹയര്‍സെക്കന്ററി ഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റുകയായിരുന്നു. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച് പരീക്ഷ കൊവിഡ് വ്യാപനത്തോടെ മാറ്റിവെച്ചിരുന്നു. പിന്നീട് ആരംഭിച്ച് പരീക്ഷ മെയ് 29 നാണ് അവസാനിച്ചത്.
അതേസമയം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഫലം അറിയാം.
88.78 ശതമാനമാണ് വിജയം. 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. മാര്‍ക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണ ഉണ്ടായിരിക്കില്ല. തിരുവനന്തപുരം മേഖലയിലാണ് കൂടിയ വിജയശതമാനം (97.67). കോവിഡ് പശ്ചാത്തലത്തില്‍ നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലായിരുന്നു ഇത്തവണ പരീക്ഷകള്‍ നടന്നത്. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.