KeralaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍; ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി വിലയിരുത്തി.

പരാതിയിൽ വിശദമായി വാദം കേട്ടശേഷം മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ശരി വച്ചത്. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയായിരുന്നു പരാതി. പരാതി വിശദമായി പരിഗണിക്കാൻ ഫുൾ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പരാതിക്കാരനായ ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button