ബലപ്രയോഗത്തിലൂടെ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന്ഹൈക്കോടതി
റായ്പൂർ: ബലപ്രയോഗത്തിലൂടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി. നിയമപരമായി വിവാഹിതരാണെങ്കില്‍ ഭാര്യയുടെ സമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നും ശാരീരികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിലെ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു.
പരാതിക്കാരി ആരോപണവിധേയന്റെ നിയമപരമായ ഭാര്യയാണെന്നും പതിനെട്ട് വയസ് തികഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ നിര്‍ബന്ധിച്ചുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഭാര്യയുടെ താത്പര്യത്തിന് വിരുദ്ധമാണെങ്കില്‍ പോലും അതിനെ ബലാത്സംഗമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ആരോപണവിധേയനെതിരെ സെക്ഷന്‍ 377 പ്രകാരം കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.