പിതൃത്വ അവകാശക്കേസിൽ ധനുഷിന് (Dhanush) മദ്രാസ് ഹൈക്കോടതിയുടെ സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് വർഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ളതാണ്. ഈ കേസിൽ ധനുഷ് മുൻപ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ് നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചിരിക്കുന്നത്.
ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ദമ്പതികൾക്ക് സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി അവർ നൽകിയ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് കതിരേശൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഒരു പൊലീസ് അന്വേഷണവും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ധനുഷ് തങ്ങളുടെ മകനാണെന്ന വൃദ്ധ ദമ്പതികളുടെ അവകാശവാദവും നിയമ പോരാട്ടവും വർഷങ്ങളായി വാർത്തകളിൽ ഇടംപിടിക്കുന്ന ഒന്നാണ്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നും സ്കൂൾ വിദ്യാർഥി ആയിരിക്കെ സിനിമയിൽ എത്തിപ്പെടുന്നതിനായി നാട് വിട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. യഥാർഥ മാതാപിതാക്കൾ തങ്ങളാണെന്ന് അവകാശപ്പെട്ട് പ്രതിമാസ ചെലവിലേക്ക് 65,000 രൂപ ധനുഷ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ദമ്പതികളുടെ എല്ലാ ആരോപണങ്ങളും ധനുഷ് നിഷേധിച്ചിരുന്നു.