കൊച്ചി: ലോക്ഡൗണ്‍ കാലത്ത് താത്കാലികമായി വര്‍ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. കൊവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അധിക ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുമ്പോള്‍ ബസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ നിലനില്‍ക്കുക.
അതേസമയം, ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് താത്കാലികമായി ബസ് ചാര്‍ജ് കൂട്ടിയത്. പിന്നീട് ഇളവുകള്‍ വന്നതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്.