ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസ്; പ്രതി നാരായണ ദാസിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. പിന്നീട് ഷീല സണ്ണി ജയിലിൽ നിന്ന് പുറത്തിറങ്ങി. 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇവർ പുറത്തിറങ്ങിയത്.
ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഏറെ നാളുകൾക്ക് ശേഷം സംഭവത്തിൽ വ്യക്തത വന്നത്. ലിവിയ ജോസും നാരായണ ദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് ഇവരെ പ്രതിചേർത്തത്. എന്നാൽ തന്നെ ഷീല സണ്ണി മനപ്പൂർവം കുടുക്കുകയാണെന്നും തൻ്റെ അച്ഛനോടും അമ്മയോടും ഷീല സണ്ണി 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിർത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നുമാണ് ലിവിയ ജോസ് ആരോപിച്ചത്.
സാമ്പത്തിക തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിൻ്റെ വഞ്ചനാ കേസിൽ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസിൽ പ്രതിചേർക്കപ്പെട്ടത്. പിന്നീട് ഇയാൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തിൽ ആൾമാറാട്ടം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.