കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യവുമായി വീണ്ടും ഹൈക്കോടതി. കെ.റെയിലില്‍ പ്രാഥമിക സര്‍വേ എന്നാണ് ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. എന്തിനാണ് ഡിപിആര്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍വേ നടത്തും മുമ്പേ ഡിപിആര്‍ തയാറാക്കിയോയെന്നും കോടതി ചോദിച്ചു. എല്ലാ നിയമവും പാലിച്ചേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കുകയുള്ളു.
വിശദ പദ്ധതി രേഖ എങ്ങനെ തയാറാക്കി എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചതെന്നും കോടതി ചോദിച്ചു. ഡിപിആര്‍ തയാറാക്കും മുമ്പ് എടുത്ത നടപടികള്‍ അറിയിക്കണം. ഏരിയല്‍ സര്‍വെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും കോടതി ചോദിച്ചു.
അതേസമയം, കേന്ദ്രം തത്വത്തിലുള്ള അനുമതി നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ മറുപടി. ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ അല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ കേസുകള്‍ പരിഗണിക്കുന്നതു ഹൈക്കോടതിയില്‍ തുടരുകയാണ്.