കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഫീസ് ഇളവ് തേടി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഉത്തരവ്. ഫീസ് ഇളവ് തേടി എത്തിയ ആറ് ഹര്‍ജികളാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. ഈ ഹര്‍ജികളില്‍ പരാമര്‍ശിക്കുന്ന അണ്‍ എയ്ഡഡ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ കൃത്യമായ ചെലവ് 17ന് അകം അറിയിക്കാനും കോടതി ഉത്തരവിട്ടു. ഈടാക്കാവുന്ന ഫീസ് ഇതനുസരിച്ചു തീരുമാനിക്കും.
എന്നാൽ സ്‌കൂളുകള്‍ യഥാര്‍ഥ ചെലവിനെക്കാള്‍ കൂടുതല്‍ തുക വിദ്യാര്‍ത്ഥികളില്‍നിന്നു വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കോടതി പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചു. അതിനാല്‍ സ്‌കൂള്‍ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതെന്നും കോടതി വ്യകത്മാക്കി
വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സൗകര്യങ്ങള്‍ക്ക് ആനുപാതികമാണോ ഫീസ് എന്നു വിലയിരുത്താന്‍, കോടതി നേരത്തേ ഫീസ് ഘടനയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ട്യൂഷന്‍ ഫീ, സ്‌പെഷല്‍ ഫീ എന്നിങ്ങനെ ഈടാക്കുന്ന തുക സംബന്ധിച്ചും ചോദിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫീസ് കുറച്ചെന്നായിരുന്നു സ്‌കൂളുകളുടെ മറുപടി. ചില സ്‌കൂളുകള്‍ പ്രവര്‍ത്തന വിശദാംശങ്ങളും നല്‍കി. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടാണ് ഓരോ സ്‌കൂളും കൃത്യമായ ചെലവു വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചത്.