ബൈക്ക് നിർത്തിയതിൽ തർക്കം; ആലുവയിൽ സഹോദരനെ വെടിവച്ചു കൊന്ന് ഹൈക്കോടതി ജീവനക്കാരൻ
കൊച്ചി: എറണാകുളം ആലുവയിൽ ചേട്ടനെ അനിയൻ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിയൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ചാണ് പോൾസനെ തോമസ് വെടിവച്ചത്. കൊലപാതകത്തിനുശേഷം തോമസ് തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. ഹൈക്കോടതിയിൽ സെക്‌ഷൻ ഓഫിസറാണ് തോമസ്.
വീടിനു മുന്നിൽ ബൈക്ക് നിർത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാവിലെ തോമസിന്റെ ബൈക്ക് പോൾസൻ തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നൽകി. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് തർക്കം ആരംഭിച്ചത്. ഒരു ബൈക്ക് വീടിനു മുന്നിൽ നിർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. പിന്നീട് രാത്രി 11 മണിയോടെ വീണ്ടും തർക്കമുണ്ടായി. ഇതിനിടെയാണ് എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവച്ചതെന്നു പൊലീസ് പറഞ്ഞു.