ടെൽ അവീവ് ലക്ഷ്യമാക്കി മിസൈൽ തൊടുത്ത് ഹിസ്ബുള്ള; തകർത്ത് ഇസ്രയേൽ
ടെൽ അവീവ്: പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാൻഡർ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണ് നടപടി. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം.
അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ടെൽ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുന്നത്. അക്രമത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. ലെബനനിലെ ഇസ്രയേൽ നടപടികൾ വ്യക്തമാക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും ചൊവ്വാഴ്ചയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാൻഡറാണ് ഖുബൈസി. മറുപടിയായി വവടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 300-ഓളം റോക്കറ്റുകളയച്ചു. ഒരുവർഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലെബനനിലും ഇസ്രയേൽ പുതിയ പോർമുഖം തുറന്നത്. ഇസ്രയേലിന്റെ 60 കിലോമീറ്റർ ഉള്ളിലുള്ള സ്‌ഫോടകവസ്തുശാലയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി ഫാദി റോക്കറ്റുകളയച്ചെന്ന് ഹിസ്ബുള്ള പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റവരാൽ ലെബനനിലെ പല ആശുപത്രികളും നിറഞ്ഞെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇസ്രയേലിലെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവർത്തനങ്ങളെല്ലാം ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. ഹൈഫയിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്.
ഗാസയിൽ ഹമാസിനു പിന്തുണപ്രഖ്യാപിച്ച് ഇസ്രയേലിന്റെ അതിർത്തിയിലേക്ക് ഒരുവർഷമായി റോക്കറ്റയക്കുകയാണ് ഹിസ്ബുള്ള. ഇസ്രയേൽ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് പേജർ-വാക്കിടോക്കി ആക്രമണമുണ്ടായതോടെയാണ് സംഘർഷം വീണ്ടും കനത്തത്.