പിൻസീറ്റിൽ ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് ഒരു രക്തസാക്ഷി കൂടി: നിയന്ത്രണം വിട്ട് റോഡിൽ തെന്നിമറിഞ്ഞ ബൈക്കിൽ നിന്നും തലയിടിച്ച് വീണ് പള്ളം സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം
കോട്ടയം: പിൻസീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നു ചോദിക്കുന്നവർ കണ്ണ് തുറന്ന് കാണുക ഈ ദുരന്തം..! പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പള്ളം സ്വദേശിയായ യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തായ യുവതിയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ തെന്നി മറിഞ്ഞു വീണത്.
തിരുവനന്തപുരം കഴക്കുട്ടത്തിനു സമീപമാണ് റോഡിൽ അപകടമുണ്ടായത്. ടെക്‌നോപാർക്ക് സോഫ്റ്റ് വെയർ എൻജിനീയർ റീനു എൽസ രഞ്ജിത്താണ്(24) റോഡിൽ തലയിടിച്ചു വീണ് മരിച്ചത്.മൂന്നു ദിവസം മുമ്പ് രാത്രി കഴക്കൂട്ടം കെഎസ്ഇബി സബ് സ്റ്റേഷനടുത്ത് ദേശീയ പാതയിലാണ് അപകടം.കിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവെ എതിരെ വന്ന വാഹനം കണ്ട് പെട്ടെന്ന് ബേക്കിടുന്നതിനിടയിൽ സ്‌കൂട്ടർ തെന്നിമറിഞ്ഞു പിന്നിൽ യാത്ര ചെയ്തിരുന്ന റീനുറോഡിലേക്ക് തെറിച്ച് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
സ്‌കൂട്ടർ ഓടിച്ചിരുന്ന അബിലാ തോമസിന് പരുക്കുണ്ട്.
ടെക്‌നോപാർക്കിലെ ഇവൈ കമ്പനിയിലെ ജീവനക്കാരിയായാണ് റീനു.പള്ളം പ്ലാമ്പറമ്പിൽ രഞ്ജിത് മാത്യു കുര്യന്റെയും (എംആർഎഫ്, വടവാതൂർ) ജിജി രഞ്ജിത്തിന്റെയും ( ഹെഡ്മാസ്റ്റർ, സിഎംഎസ് എൽപിഎസ്, പാക്കിൽ) മകളാണ്.സഹോദരൻ: റൂയിസ് (വിദ്യാർഥി).