തൃശൂര്‍: കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരന്‍ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുന്‍പ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കി. മൃതദേഹം വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ച് റോഡ് മാര്‍ഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.
എ. പ്രദീപിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ല്‍ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോള്‍ നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്‌നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
അതേസമയം കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകട സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡര്‍ എ എ ഐബി ടീം പരിശോധിക്കുകയാണ്.
ഹെലികോപ്റ്റര്‍ അപകടം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബുവും അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളില്‍ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങള്‍ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.