കൊച്ചി: ആലുവ എടത്തലയില്‍ ചുഴലിക്കാറ്റ്. നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. പ്രദേശത്തെ കേബിള്‍ കണക്ഷനും തകരാറിലായി. മാങ്ങാട്ടുകരയില്‍ മരം വീണ് വീട് തകര്‍ന്നു. ആളുകള്‍ ആ സമയത്ത് പ്രദേശത്ത് ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അങ്കമാലി, കോതമംഗലം ഭാഗങ്ങളില്‍ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശമുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിലെ ഷട്ടറുകള്‍ തുറന്നു.
https://youtu.be/J6c6XcxWd5A
അതേസമയം കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്ന് വിവരം. കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കി. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.