NationalNews

കനത്ത മഴ തുടരുന്നു, 12 മരണം; സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ഹിമാചൽ; ഡൽഹിയിലും അവധി

ന്യൂഡൽഹി/ഷിംല: വടക്കെ ഇന്ത്യയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്കിടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിതീവ്ര മഴ കണക്കിലെടുത്ത് ഹിമാചൽ പ്രദേശിലും ഡൽഹിയിലും നാളെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ പലയിടത്തും റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

മഴ കനത്ത നാശം വിതച്ച ഹിമാചൽപ്രദേശിൽ എല്ലാ സ്കൂളുകൾക്കും കോളേജിനും ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും ഗുരുഗ്രാമിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. സമാനമായ തീരുമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളും എടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മണ്ണിടിച്ചിലും, മിന്നൽപ്രളയവും മൂലമാണ് ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് മഴ ബാധിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്‍റെയും ഒലിച്ച് പോകുന്നതിന്‍റെയും നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മണ്ടി – കുളു ദേശീയപാത അടച്ചിരിക്കുകയാണ്. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കമാണ് ദുരിതം വിതച്ചത്. പഞ്ചാബിലെ ഹോഷിയാൻപൂരിൽ കനത്ത മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയിരിക്കുകയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44ന്‍റെ ഒരു ഭാഗം തകർന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഛാബ സെരിയിലെ നന്ദിയോട് ചേർന്ന ഭാഗത്താണ് റോഡ‍് തകർന്നത്.

ഡൽഹിയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ജൂലായ് 14 വരെ മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നോർത്തേൺ റെയിൽവെ 17 ട്രെയിനുകൾ റദ്ദാക്കുകയും 12 എണ്ണം വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button