തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
കനത്ത മഴയെത്തുടര്‍ന്നു അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പലയിടത്തും വ്യാപക കൃഷിനാശമുണ്ട്.
മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. കോട്ടൂര്‍, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
അതേസമയം, ഉത്തര കേരളത്തില്‍ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ ജാഗ്രത പാലിക്കണം. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.