തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ മണിക്കൂറുകളായി മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും തുടരുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണ്. രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു.
നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയാണ് പെയ്തത്.
ടെക്നോപാർക്ക് ഫെയ്സ് 3 ക്കു സമീപം തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. 3 കുടുംബങ്ങളെ ഫയർഫോഴ്സ് വാട്ടർ ഡിങ്കിയിൽ മാറ്റി. കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നു. വീടിനു മുകളിൽ പതിച്ചു. ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻ ഭാഗത്തെ മതിൽ ഇടിഞ്ഞു.
സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ഞായറാഴ്ച വെളുപ്പിന് 12 മുപ്പതോടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല. വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്ക്.
പോത്തൻകോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
17-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
18-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും, വരും ദിവസങ്ങളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.