KeralaNews

പാചകവാതകവുമായി ഓട്ടോ ഓടിക്കാനും ഇനി ഹെവി ലൈസന്‍സ് വേണം

കൊച്ചി: പാചകവാതക സിലിന്‍ഡര്‍ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഓടിക്കാനും ഇനി ഹെവി ലൈസന്‍സ് വേണം. അപകടകരമായ സാധനങ്ങളുമായി വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി (ഹസാഡ്‌സ് എന്‍ഡോഴ്സ്മെന്റ്) വേണമെങ്കില്‍ ബാഡ്ജ് നിര്‍ബന്ധമാണ്. ഹെവി ലൈസന്‍സുള്ളവര്‍ക്കേ ബാഡ്ജ് ലഭിക്കൂ എന്നുള്ളതിനാല്‍ ഗ്യാസ് ഏജന്‍സികളിലെ ഓട്ടോറിക്ഷ, മിനിലോറി എന്നിവ ഓടിക്കുന്നവര്‍ക്കും ഹെവി ലൈസന്‍സ് എടുക്കേണ്ടിവരും.

ഗ്യാസ് ഏജന്‍സികളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് നേരത്തേ ബാഡ്ജ് ഉണ്ടായിരുന്നെങ്കിലും ചെറുവാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവരുടെ ബാഡ്ജ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ ഇളവ് പാചകവാതകം കൊണ്ടുപോകുന്ന ചെറുവാഹനങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നവരും ഹെവി ലൈസന്‍സ് എടുക്കേണ്ട അവസ്ഥയാണ്.

പെട്രോളിയം, ഗ്യാസ്, കെമിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന എല്ലാ വാഹന ഡ്രൈവര്‍മാര്‍ക്കും പരിശീലനം നിര്‍ബന്ധമാണ്. മൂന്നുദിവസത്തെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പരിശീലനം നിര്‍ബന്ധമാണ്. ‘സാരഥി’യില്‍ ഓട്ടോറിക്ഷയ്ക്ക് പ്രത്യേകം ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിയതിനാല്‍ ഇവ ഓടിക്കാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സാണ് വേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button