ഹൃദയഭേദകം,പൊട്ടിക്കരഞ്ഞ് ജയറാം; ഇന്നസെന്‍റിനെ അവസാനമായി കണ്ട് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്

കൊച്ചി:ഏറ്റവും പ്രിയങ്കരനായിരുന്ന ഒരാളുടെ വിയോഗവാര്‍ത്തയുടെ വേദനയിലാണ് മലയാള സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലര്‍ക്കും താങ്ങാനായിട്ടില്ല.

മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാള്‍ ജയറാം ആയിരുന്നു. അദ്ദേഹം രാവിലെ മുതല്‍ തന്നെ ഇന്നസെന്‍റിന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. 

മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്. മന്ത്രി പി രാജീവ് ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും. 

രാവിലെ 8 മുതല്‍ 11 വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാവും. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 5 മണിക്ക് ശേഷം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാര ചടങ്ങുകള്‍.

ഗുരുതരമായ പല രോഗാവസ്ഥകളും ഇന്നസെന്‍റിന് പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും വൈകിട്ട് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ ഡോക്ടർമാർ അറിയിച്ചിരുന്നു. എക്മോ പിന്തുണയോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്നസെന്‍റിന്‍റെ ചികിത്സ തുടര്‍ന്നിരുന്നത്.

കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Exit mobile version