FeaturedHome-bannerKeralaNews

‘നല്ലോണം’ ജാഗ്രത വേണം,കേരളം ഡെല്‍റ്റാ ഭീഷണിയിലെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്‌

തിരുവനന്തപുരം :കോവിഡ് കാലത്ത് ഓണാഘോഷത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങള്‍ കുറച്ചതോടും കൂടി കേസുകള്‍ ക്രമേണ വര്‍ധിച്ച്‌ ഒക്‌ടോബര്‍ മാസത്തോടെ കൂടി 11,000ത്തോളമായി. ഇപ്പോള്‍ അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് കേരളമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ‘ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ സന്ദേശം. അതിത്തവണയും തുടരണം. മന്ത്രി നിര്‍ദേശിച്ചു.

സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്ബോഴും ബന്ധുക്കളെ കാണുമ്ബോഴും ജാഗ്രത പാലിക്കണം. കടകളില്‍ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്‌ കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകേണ്ടതാണ്.

വീട്ടിലെ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ അയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാല്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ പരമാവധി കുറയ്ക്കണം. വീട്ടില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകേണ്ടതാണ്. പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പര്‍ശിച്ചു കൊണ്ടുള്ള സ്‌നേഹ പ്രകടനം ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്ബോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച്‌ സദ്യയ്ക്ക് ഇലയിടണം.

ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്‌സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സംസ്ഥാനത്ത് 18 വയസിന് മുകളില്‍ 52 ശതമാനത്തിലധികം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെങ്കിലും അതില്‍ ചെറുപ്പക്കാര്‍ കുറവാണ്. 18നും 44 വയസിന് മുകളിലുള്ള 38 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. മാത്രമല്ല കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്ത് തുടങ്ങിയിട്ടുമില്ല. വാക്‌സിന്‍ എടുത്തവരുടെ അശ്രദ്ധ കാരണം പലപ്പോഴും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത തുടരേണ്ടതാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നവര്‍ മാസ്‌കിട്ട് മാത്രം ഫോട്ടോയെടുക്കുക. ഡെല്‍റ്റ വൈറസായതിനാല്‍ പെട്ടെന്ന് വ്യാപനമുണ്ടാക്കും. അതിനാല്‍ അല്‍പം ശ്രദ്ധിച്ച്‌ ഓണമാഘോഷിച്ചാല്‍ ഓണം കഴിഞ്ഞും ഈ സന്തോഷം നിലനിര്‍ത്താം. മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker