തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയ യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.
മുന്‍പ് രോഗം സ്ഥിരീകരിച്ച കോര്‍പറേഷന്‍ ജീവനക്കാരില്‍ നിന്നാകാം ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം നിരീക്ഷണത്തില്‍ പോകേണ്ടവരുടെ പട്ടിക തയാറാക്കും. അതേസമയം യോഗത്തില്‍ പങ്കെടുത്ത മേയര്‍ ഉള്‍പ്പെടെ സ്വയം നിരീക്ഷണത്തിലാണ്.
ഇന്നലെ രാത്രിയാണ് മന്ത്രി വി എസ് സുനില്‍ കുമാര്‍ സെല്‍ഫ് ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രവര്‍ത്തനങ്ങളുടെ അവലോക യോഗങ്ങളിലും മറ്റ് മേഖലാ സന്ദര്‍ശനങ്ങളിലും മാസ്‌കും, കയ്യുറയും ധരിച്ച് മാത്രമാണ് എത്തിയതെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായും ടെലിഫോണിലൂടെയുമെല്ലാം കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും നേതൃത്വം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.