KeralaNewsRECENT POSTS

കാഴ്ച പരിമിതി നേടുന്നവര്‍ക്ക് ‘ഉള്‍കാഴ്ച’ ഒരുക്കി സാമൂഹ്യനീതി വകുപ്പ്; 1000 സ്‌പെസിഫിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ സ്പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. നൂതന സാങ്കേതിക വിദ്യകളുള്ള 1000 ഫോണുകളാണ് പര്‍ച്ചേസ് കമ്മിറ്റിയുടേയും സാങ്കേതിക സമിതിയുടേയും അംഗീകാരത്തോടെ വാങ്ങുന്നത്. ഗുണനിലവാരം, സര്‍വീസ്, വാറണ്ടി എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. എത്രയും വേഗം ഫോണുകള്‍ സജ്ജമാക്കി അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട്വെയറോടു കൂടിയ ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റുവെയറിലൂടെ സാധിക്കുന്നതാണ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ഡയറക്ഷന്‍ തിരിച്ചറിയാനും സാധിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കും.

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്. ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കിവരുന്നുണ്ട്. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് വച്ച് നടത്തിയിരുന്നു. ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഈ പരിശീലനം പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഗുണഭോക്താക്കള്‍ക്ക് അന്നുതന്നെ ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker