NationalNews

ഹത്രസ് ദുരന്തം: മരണം 121,എസ്‌ഐടി അന്വേഷിക്കുമെന്ന് യോഗി

ന്യൂഡല്‍ഹി: ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുഡീഷ്യല്‍ അന്വേഷണത്തിനാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. ദുരന്തത്തില്‍ മരണനിരക്ക് 121 ആയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും മരിച്ചത്.

അതേസമയം മരിച്ചവരില്‍ ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് യോഗി പറഞ്ഞു. നാല് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഓരോ ആളുകള്‍ വീതം മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സംഘാടകര്‍ മാത്രമല്ല ഭകരെ സഹായിക്കാനുണ്ടായിരുന്ന സേവാദറുമാര്‍ക്കും ഭക്തരുടെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് യോഗി പറഞ്ഞു.

സേവാദറുമാര്‍ ജനത്തിരക്ക് നിയന്ത്രിക്കേണ്ടതായിരുന്നു. എന്നാല്‍ സേവാദറുമാര്‍ ജനത്തിരക്കേറിയ സ്ഥലത്ത് നിന്ന് ഒളിച്ചോടിയത് കൊണ്ട് ഭക്തര്‍ ഒരുപാട് മരിച്ചുവെന്നും യോഗി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആഗ്ര എഡിജിയാണ് സംഘത്തെ നയിക്കുന്നത്. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പല കാര്യങ്ങള്‍ ഇതില്‍ അന്വേഷിക്കപ്പെടാനുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും യോഗി വ്യക്തമാക്കി.

ഇതൊരു അപകടമാണോ അതല്ലെങ്കില്‍ ഗൂഢാലോചനയാണോ എന്നെല്ലാം അന്വേഷണത്തില്‍ കണ്ടെത്തും. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഈ വിഷയത്തില്‍ സര്‍ക്കാരിന് മൃദുമനോഭാവമില്ല. എന്നാല്‍ പ്രതിപക്ഷം ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ ഇരകളോട് സഹതാപം കാണിക്കേണ്ട സമയമാണ്.

എന്നാല്‍ അവര്‍ ഈ സമയം രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്നും യോഗി പറഞ്ഞു. ഭോലേ ബാബ എന്ന മതപ്രഭാഷകന്‍ സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ പാദം സ്പര്‍ശിക്കാനായി ഓടിയെത്തിയപ്പോള്‍, സേവാദറുമാര്‍ തടഞ്ഞിരുന്നു. ആ സമയത്താണ് ദുരന്തമുണ്ടായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

28 പേര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച്ച മരിച്ച 116 പേരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനുമാണ് ഉള്ളത്. ബാക്കിയെല്ലാം സ്ത്രീകളാണ്. അതേസമയം മതപ്രഭാഷകനായ ഭോലേ ബാബ ഒളിവിലാണെന്ന് സൂചനയുണ്ട്.

ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറിയും ഡിജിപിയും അപകട സ്ഥലത്ത് തന്നെയായിരുന്നു കഴിഞ്ഞ ദിവസം ക്യാമ്പ് ചെയ്തിരുന്നത്. മന്ത്രിമാരായ ചൗധരി ലക്ഷ്മി നാരായണ്‍, സന്ദീപ് സിംഗ്, അസിം അരുണ്‍ എന്നിവരും പരുക്കേറ്റവര്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button