23.6 C
Kottayam
Tuesday, May 21, 2024

ജീവനില്‍ ഭയമുണ്ട്; ഗ്രാമം വിടുകയാണെന്ന് ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബം

Must read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ നിരന്തരമായി ചിലര്‍ കുറ്റപ്പെടുത്തുകയാണെന്നും അതുകൊണ്ട് തന്നെ ഈ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോകുകയാണെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങള്‍ ഗ്രാമത്തില്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു.

ജീവിക്കാന്‍ ഒരു വഴിയും ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്‍പിലില്ല. ഈ സാഹചര്യത്തെ ഞങ്ങള്‍ ഏറെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ബന്ധുവീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്താണ് ഞങ്ങള്‍ ഇവിടെ ജീവിച്ചുപോന്നത്. എവിടെ പോയാലും ഞങ്ങള്‍ അത് തന്നെ തുടരും. ഹാത്രാസ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സ്ഥിതി വളരെ മോശമാണ്, ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഗ്രാമം വിട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ ഇളയ സഹോദരന് പോലും ജീവന് ഭീഷണിയുണ്ട്’ , ഹാത്രാസ് പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു. ഞങ്ങളുടെ അവസ്ഥ മനസിലാക്കാനോ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാനോ പോലും ആരും വന്നില്ലെന്നും സഹോദരന്‍ പറയുന്നു.

യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 29ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

കേസിലെ പോലീസ് നടപടിക്കെതിരെ തുടക്കം മുതല്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതിനെതിരെയും ഫോറന്‍സിക് പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും എത്രയും വേഗം കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ വൈകിയത് ഗുരുതര കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week