ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്‌റാസ് പെണ്‍കുട്ടിയും കേസിലെ പ്രതിയായ സന്ദീപും പ്രണയത്തിലായിരുന്നുവെന്ന് സി.ബി.ഐ കുറ്റപത്രം.ഇരുവരും തമ്മിലുണ്ടായ പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും തമ്മില്‍ ഗാഢബന്ധത്തിലായിരുന്നു.ഇതില്‍ നിന്ന് പിന്നീട് പെണ്‍കുട്ടി അകന്നതാണ് കൊലയ്ക്ക കാരണം.
ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ സന്ദീപും യുവതിയുടെ സഹോദരനും തമ്മില്‍ പലവട്ടം വാക്കുതര്‍ക്കമുണ്ടായിരുന്നു.ഫോണ്‍ കോള്‍ റെക്കോഡുകള്‍ അടക്കം പരിശോധിച്ചാണ് സി.ബി.ഐ കണ്ടെത്തല്‍.മൃതദേഹത്തില്‍ യഥാവിധിയുള്ള വൈദ്യപരിശോധനകള്‍ നടത്താതിരുന്നത് തെളിവുശേഖരണത്തിന് തടസമായെന്നും കുറ്റം പത്രത്തില്‍ സി.ബി.ഐ വ്യക്തമാക്കുന്നു.
സെപ്തംബര്‍ 14 ന് ഉന്നത ജാതിയില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് ദളിത് വിഭാഗമായ വാത്മീകി വിഭാഗത്തില്‍പ്പെടുന്ന 19 കാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഢനം പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാക്ക് മുറിച്ച അക്രമികള്‍ നട്ടെല്ലും കശ്ശേരുക്കളും തകര്‍ത്തു. പ്രതികളെ സംരക്ഷിക്കാന്‍ യുപി പൊലീസ് കേസിന്റെ ആദ്യസമയം മുതല്‍ ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും കുട്ടിയെ യുപിയില്‍ നിന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു.