EntertainmentKeralaNews

കേരളത്തിനെതിരേ വിദ്വേഷ പ്രചരണം; ‘ദ കേരള സ്റ്റോറി’ ട്രെയ്‌ലറിനെതിരേ വ്യാപക പ്രതിഷേധം

കൊച്ചി:സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

ഒരു കോളേജ് കാമ്പസിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും ഒടുവില്‍ തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനകളാണ് ട്രെയ്‌ലര്‍ തരുന്നത്. ആദാ ശര്‍മയാണ് നായികാവേഷത്തിലെത്തുന്നത്.

കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. മതമൈത്രി തകര്‍ക്കുന്നു. തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്.

കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്ക്കെതിരേ ചെന്നൈയിലെ തമിഴ് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സിനിമയ്ക്കെതിരേ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും അദ്ദേഹം പരാതിനല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button