തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ അമ്പൂരി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാറശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍ രക്ഷാധികാരിയായ അമ്പൂരി ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ നല്‍കുന്നുണ്ട്. ജനവാസ മേഖലകള്‍ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. അമ്പൂരി പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ 10 വാര്‍ഡുകളും നിര്‍ദ്ദിഷ്ട സംരക്ഷിതമേഖലയില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ജനവാസ മേഖലയില്‍ ഭൂരിപക്ഷവും സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ് 25 നാണ് പേപ്പാറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ 2.72 കിലോമീറ്റര്‍ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാനായി വനംമന്ത്രി സി കെ ശശീന്ദ്രന്‍ വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനികളും അടക്കം യോഗത്തില്‍ പങ്കെടുക്കും.