CricketNationalNewsSports

ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്‌സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ക്കുള്ള സമയം അവസാനിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ടീം പ്രഖ്യാപിച്ച ഇന്ത്യ ഇപ്പോള്‍ നിര്‍ണ്ണായകമായ രണ്ട് മാറ്റങ്ങള്‍ കൂടി ടീമില്‍ വരുത്തിയിരിക്കുകയാണ്. ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായി ജസ്പ്രീത് ബുംറയെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. ഓസ്ട്രേലിയന്‍ പരമ്പരക്കിടെ പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല.

അതുകൊണ്ടാണ് ഇന്ത്യ ബുംറയില്ലാതെ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങാന്‍ തീരുമാനിച്ചത്. ബുംറയുടെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവുമെന്ന് നിസംശയം പറയാം. ഇന്ത്യ-പാകിസ്താന്‍ ചിരവൈരി പോരാട്ടമടക്കം നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ബുംറയുടെ ബൗളിങ്ങിലേക്കായിരുന്നു. ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ കരുത്ത് കുറയുമെന്ന് നിസംശയം പറയാം. ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതാണ് ബുംറയുടെ അഭാവം.

ബുംറയ്ക്ക് പകരക്കാരനായി സിറാജ് ടീമിലേക്ക് എത്തുമെന്നാണ് എല്ലാവരും കരുതിയത്. പകരം ഹര്‍ഷിത് റാണയെയാണ് പരിഗണിച്ചത്. സിറാജിനെ ഇന്ത്യ നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റിയൂട്ടായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിനൊപ്പം സിറാജ് ദുബായിലേക്ക് പോകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഏതെങ്കിലും പേസ് ബൗളര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ സിറാജിന് ടീമിലേക്ക് വിളിയെത്തും.

ഇന്ത്യന്‍ ടീമിനൊപ്പം ഹര്‍ഷിത് ഏകദിന അരങ്ങേറ്റം നടത്തിയത് നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലൂടെയാണ്. അതുകൊണ്ടുതന്നെ താരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറക്ക് പകരക്കാരനാക്കുമ്പോള്‍ എന്താവും അവസ്ഥയെന്നത് കണ്ടറിയണം. മറ്റൊരു മാറ്റും ജയ്‌സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയാണ് ജയ്സ്വാള്‍ അരങ്ങേറ്റം നടത്തിയത്. ബാറ്റിങ്ങില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ജയ്സ്വാളിന് സാധിക്കാതെ പോയി.

സ്പിന്നറായ വരുണ്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ദുബായിലെ സാഹചര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്ന സ്പിന്നറാണ് വരുണ്‍. നേരത്തെ ഐപിഎല്ലിലൂടെ താരമത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വിലയിരുത്തിയാണ് ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്ത്യ നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റിയൂട്ടായി മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബെയേയും പരിഗണിച്ചിട്ടുണ്ട്. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ദുബെയെ ഹാര്‍ദിക്കിന്റെ ബാക്കപ്പായാണ് പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയെ കരുത്തുറ്റതെന്ന് വിളിക്കാം. എന്നാല്‍ പേസ് നിര ശരാശരി മാത്രമാണ്. ദുബായിലെ സ്പിന്‍ സാഹചര്യത്തില്‍ ഇന്ത്യ സ്പിന്‍ നിരയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇറങ്ങുന്നത്.

രോഹിത് ശര്‍മ , ശുബ്മാന്‍ ഗില്‍ , വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി. നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റിയൂട്ട് – ശിവം ദുബെ, മുഹമ്മദ് സിറാജ്, യശ്വസി ജയ്സ്വാള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker