
മുംബൈ:അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഹീറോ മോട്ടോർകോർപ്പുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞ മോട്ടോർസൈക്കിൾ പുറത്തിറക്കി. ഹാർലി ഡേവിഡ്സൺ എക്‌സ്440 (Harley-Davidson X440 ) എന്ന ബൈക്കാണ് കമ്പനി ലോഞ്ച് ചെയ്തത്. മൂന്ന് വേരിയന്റുകളിൽ എത്തുന്ന ഈ വാഹനം ഹാർലി ഡേവിഡ്സൺ ബ്രാന്റിന്റെ ഏറ്റവും വില കുറഞ്ഞ ബൈക്കാണ്. ആകർഷകമായ ഡിസൈനും സവിശേഷതകളുമായിട്ടാണ് ഈ മോട്ടോർസൈക്കിൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഹാർലി ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിളിനറെ എക്സ് ഷോറൂം വില 2.29 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നിവയാണ് ഈ ബൈക്കിന്റെ വേരിയന്റുകൾ. ഹാർലി ഡേവിഡ്സൺ എക്സ്440 ഡെനിം വേരിയന്റിന് 2.29 ലക്ഷം രൂപയും വിവിഡ് എന്ന മിഡ് വേരിയന്റിന് 2.49 ലക്ഷം രൂപയും എസ് വേരിയന്റിന് 2.69 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഹീറോ മോട്ടോർകോർപ്പുമായി സഹകരിച്ച് ഹാർലി ഡേവിഡ്സൺ പുറത്തിറക്കിയ ആദ്യ മോട്ടോർസൈക്കിൾ കൂടിയാണ് ഇത്.

ഹാർലി ഡേവിഡ്സൺ എക്സ്440 ഡെനിം വേരിയന്റിൽ സ്പോർട്സ് സ്പോക്ക് വീലുകളാണുള്ളത്. വിവിഡ് വേരിയന്റിൽ അലോയ് വീലുകളുണ്ട്. ഡ്യുവൽ-ടോൺ കളറുകളുമായി ആധുനികമായ ഡിസൈനിലാണ് ഹാർലി ഡേവിഡ്സൺ എക്സ്440 വരുന്നത്. ഡയമണ്ട് കട്ട് അലോയ് വീലുകൾ, 3ഡി ഡീക്കലുകൾ, വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയും അതിലുള്ള ഏറ്റവും നൂതനമായ കണക്റ്റിവിറ്റി ഓപ്ഷനുകളും ഹാർലി ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകളാണ്.

ഹാർലി ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത് സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. 1970കളിൽ പുറത്തിറങ്ങിയ സ്‌പ്രിന്റ്, എസ്എക്സ് 250 എന്നിവയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഹാർലി ഡേവിഡ്‌സൺ സിംഗിൾ സിലിണ്ടർ എഞ്ചിനുമായി ബൈക്ക് അവതരിപ്പിക്കുന്നത്. ഈ എഞ്ചിൻ 3 വാൽവ് യൂണിറ്റാണ്. ഓയിൽ കൂളിങ് ഫീച്ചറുകളും എഞ്ചിനിലുണ്ട്. ഈ എഞ്ചിൻ 6,000 ആർപിഎമ്മിൽ 27 ബിഎച്ച്പി പവറും 4,000 ആർപിഎമ്മിൽ 38 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് വാഹനം വരുന്നത്.

ഹാർലി ഡേവിഡ്സൺ എക്സ്440 ബൈക്കിൽ ട്രെല്ലിസ് ഫ്രെയിം സെറ്റപ്പാണ് നൽകിയിട്ടുള്ളത്. വാഹനത്തിന്റെ മുൻവശത്ത് 43 എംഎം അപ്‌സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കുണ്ട്. ഡ്യുവൽ-കാട്രിഡ്ജ് ഡാംപിംഗ് സിസ്റ്റത്തോടെയാണ് യുഎസ്ഡി ഫോർക്ക് വരുന്നത്. ബൈക്കിന്റെ പിന്നിൽ പ്രീലോഡ് എഡ്ജസ്റ്റബിൾ ഗ്യാസ് ഫിൽഡ് ഡ്യൂവൽ ഷോക്കുകളാണ് നൽകിയിട്ടുള്ളത്. ബൈക്കിൽ 320 എംഎം ഡിസ്‌കാണ് ബ്രേക്കിങ്ങിനായി മുൻവശത്ത് നൽകിയിട്ടുള്ളത്. പിൻഭാഗത്തും ഡിസ്‌ക് ബ്രേക്കുണ്ട്. ഡ്യുവൽ-ചാനൽ എബിഎസുമായിട്ടാണ് ഈ ബൈക്ക് വരുന്നത്.

ആകർഷകമായ ഡിസൈനിൽ വരുന്ന ഒരു റോഡ്‌സ്റ്റർ ബൈക്കാണ് ഹാർലി ഡേവിഡ്സൺ എക്സ്440. ബൈക്കിന്റെ മുൻവശത്ത് വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും അതിന്റെ മധ്യഭാഗത്തായി ഹാർലി-ഡേവിഡ്‌സൺ ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യൂവൽ ടാങ്കാണ് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത. വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലോയ് വീലുകൾ, ചങ്കി എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഹാർലി ഡേവിഡ്സൺ എക്സ്440 ബൈക്കിന്റെ മറ്റ് ഡിസൈൻ സവിശേഷതകൾ.

ഹാർലി ഡേവിഡ്സൺ എക്സ്440യിലുള്ള റൗണ്ട് ഡിസ്‌പ്ലേ ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോളുകൾ എടുക്കാനുള്ള സംവിധാനം, മെസേജുകൾ കാണാനുള്ള സൌകര്യം, മ്യൂസിക്ക് കൺട്രോൾ എന്നിവയുമായിട്ടാണ് വരുന്നത്. ആംബിയന്റ് ലൈറ്റ് സെൻസറും ഹാർലി ഡേവിഡ്സൺ എക്സ്440യിൽ ഉണ്ട്. ഈ ഡിസ്പ്ലേ ഡേ നൈറ്റ് മോഡുകളുമായി വരുന്നു. മൊത്തത്തിൽ വിലയും സവിശേഷതകളും പരിശോധിച്ചാൽ റോയൽ എൻഫീൽഡ് ഉൾപ്പെടെയുള്ള ബ്രാന്റുകൾക്ക് വെല്ലുവിളിയാകുന്ന വാഹനമാണ് ഹാർലി ഡേവിഡ്സൺ എക്സ്440 എന്ന് നിസംശയം പറയാം.