News

ഹാർലി ഡേവിഡ് സണ്‍ ഇന്ത്യയിലെ കടപൂട്ടുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ് സണ്‍ ഇന്ത്യയിലെ അവരുടെ ഒരേയൊരു ഫാക്ടറി പൂട്ടുന്നു. ഒരു ദശകമായി ഇന്ത്യയില്‍ സാന്നിദ്ധ്യമായിരുന്ന കമ്പനിക്ക് ബൈക്കുകള്‍ക്ക് വേണ്ടത്ര മാര്‍ക്കറ്റ് കണ്ടെത്താന്‍ കഴിയാതെയാണ് വിപണി വിടുന്നത്. ഇന്ത്യയിലെ വില്‍പ്പനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ കമ്പനി അവസാനിപ്പിക്കുകയാണ്.

പത്തു വര്‍ഷം നീണ്ട ഇന്ത്യയിലെ പ്രവര്‍ത്തന കാലയളവില്‍ തങ്ങളുടെ 33 ഡീലര്‍ഷിപ്പുകള്‍ വഴി ഇതുവരെ 25,000 യൂണിറ്റ് ബൈക്കുകള്‍ മാത്രമാണ് വില്‍പ്പന നടത്താനായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴിലാളികളുടെ എണ്ണം കുറച്ച് 70 ല്‍ നിര്‍ത്തിയിരുന്നു. അതേസമയം ഇവര്‍ ഹീറോ മോട്ടോര്‍ കോര്‍പ്സുമായി കൈ കോര്‍ക്കാന്‍ പോകുന്നതായും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ കമ്പനി വ്യക്തത വരുത്തിയിട്ടില്ലെങ്കിലൂം ഇന്ത്യയിലെ ബിസിനസ് രീതികളില്‍ മാറ്റം വരുത്തുമെന്നും ഇടപാടുകാര്‍ക്ക് തുടര്‍ന്നും സേവനം നല്‍കാന്‍ കഴിയുന്ന മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് പര്യാലോചന നടത്തുമെന്നും കമ്പനി പറഞ്ഞിരുന്നു.

ഹരിയാന ബാവലില്‍ ആയിരുന്നു കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ്. കഴിഞ്ഞ മാസം ആദ്യം തന്നെ ഹാര്‍ലി ബിസിനസ് വിടാന്‍ ആലോചിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഹീറോയുമായി ഇവര്‍ കൈകോര്‍ക്കുന്നതിന്റെ വാര്‍ത്തകള്‍ ഈ വര്‍ഷം ആദ്യവും ഈ മാസം ആദ്യം വീണ്ടും പുറത്തു വന്നിരുന്നു. ഇന്ത്യവിടുന്ന ആദ്യ കമ്പനിയല്ല ഹാര്‍ലി. നേരത്തേ ജനറല്‍ മോട്ടോഴ്സും മാന്‍ ട്രക്കുകളും ഇതിലുണ്ട്. നേരത്തേ ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും മഹീന്ദ്രാ ആന്റ് മഹീന്ദ്രയുമായി ചേര്‍ന്ന് ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചതായും വാര്‍ത്ത പുറത്തു വന്നിരുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വില്‍പ്പന ഗണ്യമായി കുറഞ്ഞ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിടുകയും വാഹന വിപണി വന്‍ ഇടിവ് നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹാര്‍ലിയും ഇന്ത്യ വിടുന്നത്. ഇതേ തുടര്‍ന്ന് കമ്പനികള്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനെതിരേ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മാരുതി സുസുക്കി, മഹീന്ദ്രാ, ടോയോട്ട, ഹീറോ മോട്ടോ, ബജാജ് ഓട്ടോ, ടിവിഎസ് എന്നിവയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഹാര്‍ലി ബൈക്കുകള്‍ നേരിടുന്നത് ഉയര്‍ന്ന ഇടക്കുമതി ചുങ്കമാണെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നികുതി കേന്ദ്രം കുറച്ചു കൊടുക്കുകയും ചെയ്തിരുന്നു.

2011 ല്‍ ഇന്ത്യയിലേക്ക് ഇറങ്ങിയ ഹാര്‍ലി ഡേവിഡ്സണ് പ്രാദേശിക ബ്രാന്‍ഡായ ഹീറോയോടും ജപ്പാന്റെ ഹോണ്ടയോടും ഒപ്പം പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയായിരുന്നു. ഇറക്കുമതി ചുങ്കത്തെ പഴി പറയുന്നുണ്ടെങ്കിലൂം ഇന്ത്യപോലെ വില ദൗര്‍ബല്യമുള്ള വിപണിയില്‍ അതിന് അനുയോജ്യമായുള്ള മോഡലുകള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന പ്രതിസന്ധിയായിരുന്നു കമ്പനി നേരിട്ടിരുന്നത്. ഇതിന്റെ ഏറ്റവും വില കുറവുള്ള സ്ട്രീറ്റ് 750 സിസി യ്ക്ക് പോലും 4.7 ലക്ഷമാണ് എക്സ് ഷോറൂം വില. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ വര്‍ഷം തോറും 17 ദശലക്ഷം മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് വില്‍ക്കുന്നത്. 1903 ലാണ് അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്റ് നിലവില്‍ വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker