FeaturedKeralaNews

പോരാട്ടം തുടരും; മുസ്‌ലിം ലീഗിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹരിത

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്ന് ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്‌നി പറഞ്ഞു.

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെയാണ് ലീഗിനെതിരെ ആഞ്ഞടിച്ച് മുഫീദ രംഗത്തെത്തിയത്. 21ാം നൂറ്റാണ്ടിലും രാഷ്ട്രീയത്തില്‍ പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുകയാണെന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുഫീദ പറയുന്നു.

എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജര്‍ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഒതുങ്ങിപ്പോകുന്നു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ കാണുന്നത്. തീരുമാനമെടുക്കുന്ന കമ്മിറ്റികളില്‍ അവള്‍ക്ക് ഇടം നിഷേധിക്കപ്പെടുന്നു. സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ളത്.

ഹരിത പരാതി നല്‍കിയ വിഷയത്തില്‍ എതിര്‍ കക്ഷി പാര്‍ട്ടിയോ പാര്‍ട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതി രെയോ നയങ്ങള്‍ക്കെതിരെയോ അല്ല തങ്ങളുടെ പോരാട്ടം. ആത്മാഭിമാനത്തിനു പോറല്‍ ഏറ്റപ്പോള്‍ പ്രതികരിച്ചതാണ്. അതില്‍ നീതി പ്രതീക്ഷിച്ചിരുന്നു.

തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കില്‍ കുറ്റബോധം പേറേണ്ടി വരും. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ വ്യക്തമാക്കി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആണ് ഹരിത പിരിച്ചുവിട്ട കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ട ലംഘനമാണെന്നും പുതിയ കമ്മറ്റി നിലവില്‍ വരുമെന്നും സലാം പറഞ്ഞു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം പറഞ്ഞു.

നേരത്തേ ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന് പിന്നാലെയായിരുന്നു ലീഗിന്റെ നടപടി. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button