KeralaNews

പോലീസ് മന്ത്രിയെ ചീത്ത വിളിപ്പിക്കരുത്; ഒറ്റപ്പെട്ട ക്രിമിനലുകളെ സഹായിക്കുന്ന സേനയായി പോലീസ് മാറിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: പോലീസിന് സാധാരണക്കാരെ ചീത്ത വിളിക്കാനും തല്ലാനും ഈ ധൈര്യം കിട്ടുന്നത് എവിടുന്നാണെന്ന് ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ ആലോചിക്കണമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഒറ്റപ്പെട്ട ക്രിമിനലുകളെ സഹായിക്കുന്ന സേനയായി പോലീസ് മാറി എന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പോലീസ് കംപ്ലൈന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ പൊതുജനത്തിന്റെ ലക്ഷക്കണക്കിന് രൂപ ചെലവിട്ടു സ്ഥാപനങ്ങളുണ്ടാക്കിയിട്ടും, റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും പോലീസ് വകുപ്പില്‍ ക്രിമിനലുകള്‍ക്ക് പരസ്യമായ പരിരക്ഷ നല്‍കാന്‍ ഒരു ആഭ്യന്തരമന്ത്രിയും വകുപ്പും ഉണ്ടെങ്കില്‍ ഈ അനീതിയ്ക്ക് എതിരെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍ ഇരകള്‍ എന്ത് ചെയ്യണമെന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊലീസുമന്ത്രിയെ ചീത്ത വിളിപ്പിക്കരുത്.

പൗരന്മാരുടെ ഡിഗ്‌നിറ്റി സംരക്ഷിക്കാന്‍ വേണ്ടി കൂടി, പൗരന്മാര്‍ നികുതി പണത്തില്‍ നിന്ന് ചെല്ലും ചെലവും ശമ്പളവും അലവന്‍സും കൊടുത്തു നിര്‍ത്തിയിരിക്കുന്ന സംവിധാനത്തിന്റെ പേരാണ് പോലീസ്. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നതൊക്കെ അവരുടെ മറ്റു ഉത്തരവാദിത്തങ്ങളാണ്.

കുറച്ചുകാലമായി കുറച്ചു പൊലീസുകാര്‍ കേരളത്തില്‍ പൗരന്മാര്‍ക്ക് എതിരെ അഴിഞ്ഞാടുകയാണ്. ലോക്കപ്പില്‍ കൊല, ഷാഡോ പൊലീസ്, തെറിവിളി, മര്‍ദ്ദനം… വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിത്. പട്ടിയുടെ ട്രെയിനിങ്ങും നിയന്ത്രണവും ചുമതല ഏല്‍പ്പിച്ച ആളാകട്ടെ, പട്ടിയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നുമില്ല പകരം പണ്ട് ഇതേ പട്ടിയെ കയറൂരി വിട്ടതില്‍ കുപ്രസിദ്ധി ആര്‍ജിച്ച പട്ടിയുപദേശിയുടെ വാക്കും കേട്ട് പട്ടിയെക്കൊണ്ട് വീണ്ടും വീണ്ടും വീട്ടുകാരെ കടിപ്പിക്കുകയാണ്

പരസ്യമായ തെറിവിളി, അധിക്ഷേപം ഒക്കെ നേരിടുന്ന പൗരന്മാര്‍ വീഡിയോ തെളിവുകള്‍ സഹിതം രംഗത്ത് വന്നിട്ടും അത്തരം പോലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ ഗൗരവമായ ഒരു നടപടിയുമില്ല. ചെറുപുഴയില്‍ വിനീഷ് കുമാറിനെ സ്ഥലം മാറ്റിയത്രെ നെയ്യാറില്‍ മറ്റൊരാളെയും സ്ഥലം മാറ്റിയത്രെ എന്നു മുതലാണ് സ്ഥലം മാറ്റം ശിക്ഷയായത്?? കുറ്റം ചെയ്തവനല്ല, ജനത്തിനുള്ള ശിക്ഷയാണ് അത്.

പോലീസുകാരുടെ മൊറൈല്‍ തകരും എന്നതിനാല്‍ ഒരു ശിക്ഷയും പാടില്ല എന്നു പോലീസുമന്ത്രിക്ക് നയമുണ്ട്, അന്വേഷണ വിധേയമായി സസ്പെന്‍ഡ് പോലും ചെയ്യണ്ടാ എന്നു തീരുമാനിക്കും എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവരിങ്ങനെ അഴിഞാടുന്നത്.

പൊലീസുകാരാല്‍ ഡിഗ്‌നിറ്റി തകര്‍ക്കപ്പെട്ട, മനുഷ്യാവകാശം നിഷേധിക്കപ്പെട്ട, അപമാനിക്കപ്പെട്ട, മര്‍ദ്ദിക്കപ്പെട്ട, മനുഷ്യക്ക് എന്ത് നീതിയാണ് കിട്ടുന്നത്?? സത്യസന്ധമായ അന്വേഷണമുണ്ടോ? നടപടിയുണ്ടോ? അത്തരം ക്രിമിനലുകള്‍ പ്രമോഷനോട് കൂടി പോലീസില്‍ തുടരുന്നത് ഇവിടത്തെ നീതിയാണ്

എവിടുന്നാണ് ഈ ക്രിമിനലുകള്‍ക്ക് സാധാരണക്കാരെ ചീത്ത വിളിക്കാനും തല്ലാനും ഈ ധൈര്യം കിട്ടുന്നത് എന്നു പൊലീസുമന്ത്രി ആലോചിക്കണം. അത്, ഈ ഒറ്റപ്പെട്ട ക്രിമിനലുകളെ സഹായിക്കുന്ന സേനയായി പോലീസ് മാറിയത് കൊണ്ടാണ്. അതിനെതിരെ ഒന്നും ചെയ്യാത്ത അങ്ങയുടെ കസേരയില്‍ നിന്നാണ്.
മുഖ്യമന്ത്രിയെ ഇതുപോലെ ഒരാള്‍ ഹറാസ് ചെയ്താല്‍, ”എടാ വിജയാ നായിന്റമോനെ” എന്നു വിളിച്ചാല്‍, പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ? അതേ നോവ് തന്നെയല്ലേ ഈ ഗതികെട്ട മനുഷ്യര്‍ക്കും ഉള്ളത്? അവരുടെ ഡിഗ്‌നിറ്റി പിണറായി വിജയന്റെയോ ബെഹ്‌റയുടെയോ ഡിഗ്‌നിറ്റിയേക്കാളും കുറഞ്ഞതാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

പോലീസ് കംപ്ലൈന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍… പൊതുജനത്തിന്റെ ലക്ഷക്കണക്കിന് രൂപ ചെലവിട്ടു സ്ഥാപനങ്ങളുണ്ടാക്കിയിട്ടും, റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും പോലീസ് വകുപ്പില്‍ ക്രിമിനലുകള്‍ക്ക് പരസ്യമായ പരിരക്ഷ നല്‍കാന്‍ ഒരു ആഭ്യന്തരമന്ത്രിയും വകുപ്പും ഉണ്ടെങ്കില്‍ ഈ അനീതിയ്ക്ക് എതിരെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍ ഇരകള്‍ എന്ത് ചെയ്യണം?? പോലീസ് വകുപ്പിനെ നിലയ്ക്ക് നിര്‍ത്താനാണ് മന്ത്രിയായി ഒരാളേ അതിനുമേല്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അവനവനോട് നീതി പുലര്‍ത്തണം എന്നു നിര്ബന്ധമുള്ളവര്‍, തീര്‍ത്തും തോറ്റു പോകുമ്പോള്‍, ഹതാശര്‍ ആഭ്യന്തരമന്ത്രിയെയോ അയാളുടെ പിതാമഹരേയോ ചീത്ത വിളിച്ചു സ്വയം സമാധാനിക്കും.

അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തരമന്ത്രി തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker