പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇല്ലാത്ത എന്തവകാശമാണ് ഭീമാ ഗോവിന്ദനുള്ളത്, സ്വപ്നയ്‌ക്കൊപ്പമുള്ള ഫോട്ടോ വിവാദത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി:സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌നയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഉള്‍പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീമ ജ്വല്ലറി ഉടമ ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. IT ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടം ഉണ്ടാക്കുന്ന, അഡ്വ. ഹരീഷ് വാസുദേവന്‍ അടക്കമുള്ളവരുടെ പോസ്റ്റ് നീക്കം ചെയ്യണം എന്നാണ് ഭീമയുടെ ആവശ്യം. ഭീമയുടെ പരാതിയ്ക്കെതിരെ പ്രതികരണവുമായി ഹരീഷ് വാസുദേവന്‍ രംഗത്തെത്തി.
പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ മറ്റു അധികാരികളെയോ പൊതുതാല്പര്യത്തിൽ മാന്യമായി വിമർശിക്കാൻ നിയമമുള്ള നാട്ടിൽ അവർക്കില്ലാത്ത എന്തവകാശമാണ് ഭീമ ഗോവിന്ദന് ഉള്ളതെന്നും അറിയാൻ താല്പര്യമുണ്ടെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.
ഭീമ ജ്വല്ലറി ഉടമയായ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സ്വപ്നയ്ക്ക് ഒപ്പമുള്ള സാന്നിധ്യം അടക്കം അന്വേഷിക്കാത്തതും ചർച്ചയാകാത്തതും എന്തേ എന്നു ഒരു പൗരൻ പരസ്യമായി ചോദിച്ചാൽ, അത് ചാനലുകൾക്ക് ഭീമയുടെ പരസ്യം കിട്ടുന്നത് കൊണ്ടാണോ എന്നു ചോദിച്ചാൽ ഭീമയ്ക്കോ, ഉടമ ഗോവിന്ദനോ മാനനഷ്ടം ഉണ്ടാകേണ്ട കാര്യമില്ല. ചാനലുകൾക്ക് മാനനഷ്ടം ഉണ്ടായേക്കാം.
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ IT ആക്റ്റ് 69A വകുപ്പിലുള്ള സർക്കാരിന്റെ അധികാരം ഉപയോഗിക്കണം എന്നാണ് ഭീമ ജ്വല്ലറിയുടെ ആവശ്യം. വ്യക്തികൾക്ക് മാനഹാനി ഉണ്ടായാൽ 69A ഉപയോഗിക്കാൻ കഴിയില്ലെന്നും, IT ആക്ടിലെ ഈ അധികാരം ദുരൂപയോഗിച്ചാൽ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമായ നിലപാട് എടുത്തു. ഹൈക്കോടതിയ്ക്കും ഭീമയുടെ വാദം സ്വീകാര്യമല്ല. എന്തുകൊണ്ട് 69A യിലെ അധികാരം ഉപയോഗിക്കണം എന്ന ചോദ്യത്തിന് ഭീമയ്ക്ക് മറുപടിയും ഉണ്ടായില്ലെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയോടൊപ്പമുള്ള ഭീമ ഉടമ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സാന്നിധ്യം കൂടി അന്വേഷിക്കേണ്ടതല്ലേ, എല്ലാ ആംഗിളും അന്വേഷിച്ചു കേസിൽ സത്യം കണ്ടെത്തേണ്ടതല്ലേ എന്നു ഒരു പൗരൻ സോഷ്യൽ മീഡിയയിൽ പൊതുതാല്പര്യാർഥം സംശയം ചോദിച്ചാൽ ഈ നാട്ടിലെ സമാധാനം എങ്ങനെയാണ് തകരുക എന്നറിയാൻ കാത്തിരിക്കുന്നുവെന്നും ഹരീഷ് കുറിച്ചു.
അഡ്വ. ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ഭീമ ഹരജി – വെടി വഴിപാട്.
എന്റേത് അടക്കം കുറച്ചു പേരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീമ ജ്വല്ലറി ഉടമ ഗോവിന്ദൻ ബഹു.കേരളാ ഹൈക്കോടതിയെ സമീപിച്ചു. IT ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടം ഉണ്ടാക്കുന്ന പോസ്റ്റ് നീക്കം ചെയ്യണം എന്നാണ് ഭീമയുടെ ആവശ്യം. താഴെയുണ്ട് ഞാനിട്ട പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട്.
ഭീമ ജ്വല്ലറി ഉടമയായ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സ്വപ്നയ്ക്ക് ഒപ്പമുള്ള സാന്നിധ്യം അടക്കം അന്വേഷിക്കാത്തതും ചർച്ചയാകാത്തതും എന്തേ എന്നു ഒരു പൗരൻ പരസ്യമായി ചോദിച്ചാൽ, അത് ചാനലുകൾക്ക് ഭീമയുടെ പരസ്യം കിട്ടുന്നത് കൊണ്ടാണോ എന്നു ചോദിച്ചാൽ ഭീമയ്ക്കോ, ഉടമ ഗോവിന്ദനോ മാനനഷ്ടം ഉണ്ടാകേണ്ട കാര്യമില്ല. ചാനലുകൾക്ക് മാനനഷ്ടം ഉണ്ടായേക്കാം. എന്റെ ഉദ്ദേശശുദ്ധി പോസ്റ്റിൽ വ്യക്തമാണ്. അതവിടെ നിൽക്കട്ടെ.
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ IT ആക്റ്റ് 69A വകുപ്പിലുള്ള സർക്കാരിന്റെ അധികാരം ഉപയോഗിക്കണം എന്നാണ് ഭീമ ജ്വല്ലറിയുടെ ആവശ്യം. ഇതെങ്ങനെ അതിന്റെ പരിധിയിൽ വരുമെന്ന കോടതിയുടെ ചോദ്യത്തിന്, മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാമല്ലോ, അതുപോലെ ഭീമ ഉടമ ഗോവിന്ദനെതിരെ പോസ്റ്റ് ഇട്ടാലും ‘പൊതുസമാധാന’ത്തെ ബാധിക്കും എന്നാണ് ഭീമയുടെ അഭിഭാഷകൻ പറഞ്ഞത്. (കേട്ടപ്പോൾ എനിക്ക് ചിരി അടക്കാനായില്ല, സോറി).
വ്യക്തികൾക്ക് മാനഹാനി ഉണ്ടായാൽ 69A ഉപയോഗിക്കാൻ കഴിയില്ലെന്നും, IT ആക്ടിലെ ഈ അധികാരം ദുരൂപയോഗിച്ചാൽ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമായ നിലപാട് എടുത്തു. കീഴ്ക്കോടതിയിൽ മാനനഷ്ടക്കേസ് കൊടുക്കണമെന്ന് സാരം.
ബഹു ഹൈക്കോടതിക്ക് തൽക്കാലം ഭീമയുടെ വാദം സ്വീകാര്യമല്ല. എന്തുകൊണ്ട് 69A യിലെ അധികാരം ഉപയോഗിക്കണം എന്ന ചോദ്യത്തിന് ഭീമയ്ക്ക് മറുപടിയും ഉണ്ടായില്ല. മറ്റൊരു ദിവസം വാദിക്കാമെന്ന് മറുപടി പറഞ്ഞു. ഇടക്കാല ഉത്തരവൊന്നും ഇല്ല.
കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും ഞാൻ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ്. കേസ് പിന്നീട് പരിഗണിക്കും.
സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയോടൊപ്പമുള്ള ഭീമ ഉടമ ഗോവിന്ദന്റെ UAE കോണ്സുലേറ്റിലെ സാന്നിധ്യം കൂടി അന്വേഷിക്കേണ്ടതല്ലേ, എല്ലാ ആംഗിളും അന്വേഷിച്ചു കേസിൽ സത്യം കണ്ടെത്തേണ്ടതല്ലേ എന്നു ഒരു പൗരൻ സോഷ്യൽ മീഡിയയിൽ പൊതുതാല്പര്യാർഥം സംശയം ചോദിച്ചാൽ ഈ നാട്ടിലെ സമാധാനം എങ്ങനെയാണ് തകരുക എന്നറിയാൻ ഒരു കാത്തിരിക്കുന്നു.
പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ മറ്റു അധികാരികളെയോ പൊതുതാല്പര്യത്തിൽ മാന്യമായി വിമർശിക്കാൻ നിയമമുള്ള നാട്ടിൽ അവർക്കില്ലാത്ത എന്തവകാശമാണ് ഭീമ ഗോവിന്ദന് ഉള്ളതെന്നും അറിയാൻ താല്പര്യമുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ പോസ്റ്റ് നീക്കം ചെയ്യണമല്ലോ. അതാണ്.