ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സയണിസ്റ്റ് ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഫലമായി ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ തടവുകാരുടെ എണ്ണം ഏകദേശം അന്‍പതായെന്ന് അല്‍-ഖസം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു. ആറായിരത്തിലധികം പേരാണ് നിലവില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ, ബുധനാഴ്ച രാത്രി വടക്കൻ ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണവും. ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയശേഷം ഇന്നലെ പുലർച്ചെയോടെ പിൻവാങ്ങിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ടാഴ്ച മുൻപും ഗാസയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു.
തുടർച്ചയായ 20–ാം ദിവസവും ഇസ്രയേൽ വ്യോമാക്രമണം തുടർന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേർ കൊല്ലപ്പെട്ടു. ആറാഴ്ച നീണ്ട 2014ലെ ഗാസ–ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിയാണിത്. 6,000 കുട്ടികളടക്കം 18,482 പേർക്കു പരുക്കേറ്റു.
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേന വ്യാപകമായ റെയ്ഡ് തുടരുകയാണ്. ഇന്നലെ മാത്രം 60 പലസ്തീൻകാർ അറസ്റ്റിലായി. വൈദ്യുതിയും ഭക്ഷണവുമില്ലാതെ വലയുന്ന ഗാസ, തുള്ളി ഇന്ധനമില്ലാത്ത സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് യുഎൻ മുന്നറിയിപ്പു നൽകി. ആശുപത്രികളിലെ അടിയന്തര ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാണ്. ജീവകാരുണ്യ സഹായങ്ങളുമായി 12 ട്രക്കുകൾ കൂടി ഗാസയിലെത്തി. സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയാറെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഇസ്രയേൽ തടവിലുള്ള 6,000 പലസ്തീൻകാരെയും മോചിപ്പിക്കണം.
യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം യുഎസ് എതിർത്തതോടെ വീണ്ടും പരാജയപ്പെട്ടു. ഹമാസിന്റെ ബന്ദികളായി വിദേശികൾ അടക്കം 222 പേരുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. 4 പേർ മോചിതരായി. ഇസ്രയേൽ ആക്രമണങ്ങളിൽ 50 ബന്ദികളും കൊല്ലപ്പെട്ടെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ട 7028 പലസ്തീൻകാരുടെ പേരുകളും തിരിച്ചറിയൽ നമ്പരുകളും ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഗാസയിലെ മരണക്കണക്കിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്.