നാവില്‍ മുടി വളര്‍ച്ച! സ്ട്രോക്കിന് പിന്നാലെ രോഗി നേരിട്ട അപൂര്‍വ പ്രതിഭാസം
ന്യൂഡല്‍ഹി: രക്തം കട്ടപിടിക്കുന്നതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള ഓക്സിജനും രക്തവിതരണവും തടസപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഉടനടി വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന അവസ്ഥയാണിത്. സ്ട്രോക്ക് സംഭവിച്ചതിന് പിന്നാലെ രോഗിയുടെ നാക്ക് കറുത്തു പോയ സംഭവമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ട്രോക്കിനെ അതിജീവിക്കുന്ന രോഗിക്ക് പിന്നീടുള്ള ജീവിത കാലയളവില്‍ പല പ്രത്യാഘാതങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പല പരിണിതഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അപൂര്‍വമായ ഒന്നാണ് നാവിന് സംഭവിക്കുന്ന ഈ രോമവളര്‍ച്ച.
ഇന്ത്യയില്‍ തന്നെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സ്ട്രോക്ക് ബാധിച്ചതിന് പിന്നാലെ 50കാരനായ രോഗിയുടെ ശരീരത്തിന്റെ ഇടതുവശം തളര്‍ന്നിരുന്നു. ആഹാരം കഴിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് രോഗിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ ശേഷം രോഗിയുടെ നാവില്‍ അസ്വാഭാവികമായ ഒന്ന് ശ്രദ്ധിക്കപ്പെട്ടു. നാവിന് മുകളില്‍ രോമങ്ങള്‍ വളരുകയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗിയെ ത്വക്ക് രോഗവിദഗ്ധനെ കാണിച്ചു. മഞ്ഞ നിറത്തോട് കൂടി കറുത്ത മുടി നാവില്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ലിംഗുവ വില്ലോസ നിഗ്ര എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുക. 18 മില്ലിമീറ്റര്‍ നീളത്തില്‍ വരെ ഈ മുടി വളര്‍ന്നേക്കാമെന്ന് പറയപ്പെടുന്നു.
സ്വാദ് മുകുളങ്ങള്‍ അടങ്ങിയ പാപ്പില്ല എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലം നാവിന്റെ ഉപരിതലത്തിലെ ചെറിയ മുഴകള്‍ അടഞ്ഞുപോകുമ്‌ബോഴാണ് ഇത്തരത്തില്‍ കറുത്ത രോമകൂപങ്ങള്‍ ഉണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണം മുടിയില്‍ ചിതറിക്കിടക്കുമ്‌ബോള്‍ ഇത് മഞ്ഞനിറം നല്‍കുന്നതിനും കാരണമാകും. ശരീരത്തെ സംബന്ധിച്ച് കാര്യമായ ദോഷമൊന്നും വരുത്തുന്നില്ലെങ്കിലും രോഗിക്ക് ഇതുമൂലം വലിയ അസ്വസ്ഥതയാണ് അനുഭവപ്പെടുക.
യീസ്റ്റും ബാക്ടീരിയയും തമ്മില്‍ ഒത്തുചേരുമ്പോള്‍ അവ നിറവ്യത്യാസത്തിനും രോമങ്ങള്‍ക്ക് സമാനമായ വസ്തുക്കള്‍ രൂപപ്പെടുന്നതിനും കാരണമാകാറുണ്ട്. ചില പാപ്പില്ലകള്‍ കെരാറ്റിന്‍ ഉത്പാദിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുടിയില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് കെരാറ്റിന്‍. സ്ട്രോക്ക് ബാധിച്ചതിന് പിന്നാലെ രോഗിക്ക് സംഭവിച്ചതും ഇത് തന്നെയാകാമെന്നാണ് വിലയിരുത്തല്‍.
പുകവലി, കൊക്കെയ്ന്റെ ഉപയോഗം, മദ്യപാനം, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മൂലവും നാവില്‍ കറുത്ത രോമങ്ങള്‍ രൂപപ്പെട്ടേക്കാം. ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന ആളുകളിലും ഡയറ്റ് സ്വീകരിക്കുന്നവരിലും സാധാരണയായി ഇത് സംഭവിക്കാറുണ്ട്.
ഭൂരിഭാഗം കേസുകളിലും 40 വയസിന് താഴെയുള്ളവരിലാണ് കറുത്ത രോമമുള്ള നാവ് കാണപ്പെടാറുള്ളത്. 13 ശതമാനം ആളുകളിലും ഇത് സംഭവിച്ചേക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശരിയായ ചികിത്സാ രീതികളിലൂടെ രോഗത്തിന് പരിഹാരമുണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ട് രോഗശാന്തി ലഭിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്ട്രോക്ക് സംഭവിക്കുന്നത് മൂലം രോഗിക്ക് മറ്റ് പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. വായിക്കാന്‍, ഭക്ഷണം കഴിക്കാന്‍, സംസാരിക്കാന്‍ എന്നിവയ്ക്കെല്ലാം സ്ട്രോക്ക് ബാധിച്ചതിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഓര്‍മ്മ നഷ്ടപ്പെടുക, കാഴ്ച മങ്ങുക, മരവിപ്പ്, സംസാരം ഇടറുക, പേശി ബലഹീനമാകുക എന്നിവയും സ്ട്രോക്കിന്റെ പരിണിത ഫലങ്ങളാണ്.