കൊച്ചി: സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളിലെ ഉപയോഗ ശൂന്യമായ മുടി ഇനി വളമായി മാറും. ഇതിനായി കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ തിരൂരങ്ങാടിയിലെ ഒരു സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. മുടി സംസ്‌കരിക്കുന്നതിനുളള ബുദ്ധിമുട്ടിനാണ് ഇപ്പോള്‍ പരിഹാരമായത്.
ഒരു ജില്ലയില്‍ ഒരു ടോറസില്‍ കൊള്ളാവുന്നത്ര മുടിയാകുമ്പോള്‍ കമ്പനി അത് കൊണ്ടുപോകും. മുടി സംസ്‌കരിച്ചുണ്ടാക്കിയ വളം തെങ്ങ്, പച്ചക്കറി എന്നിവയ്ക്ക് ഉപയോഗിച്ചുനോക്കിയെന്നും ഗുണമുണ്ടെന്നും കരാറുകാരായ തിരൂരങ്ങാടി മൈക്രോബ്സ് അധികൃതര്‍ പറഞ്ഞു.
മുന്‍പ് കിലോഗ്രാമിന് 30 രൂപ നിരക്കില്‍ മുടി സംസ്‌കരിക്കാന്‍ ഏജന്‍സികള്‍ കൊണ്ടുപോയിരുന്നു. പക്ഷേ, പലപ്പോഴും ഇവ പൊതു സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.
സംഘടനയില്‍ 30000 ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍ ജീവനക്കാരാണുളളത്. കമ്പനി ഓരോ സ്ഥാപനത്തിലേക്കും സഞ്ചി നല്‍കും. ഇതില്‍ മുടി ശേഖരിച്ചു വെക്കണം. കൈയുറ ധരിച്ചുവേണം ചെയ്യാന്‍. സുരക്ഷാ മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സംസ്‌കരിക്കുന്ന മുടിയുടെ അത്രയും വളം കിട്ടും. ദ്രവരൂപത്തിലും പൊടിയായും വളം മാറ്റാം. കടകളിലെ കസേരകളുടെ എണ്ണപ്രകാരമാണ് തുക നിശ്ചയിച്ചതെന്ന് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ പറഞ്ഞു. ഒരു കസേരയുള്ളിടത്ത് മാസം 150 രൂപ കമ്പനിക്ക് നല്‍കണം.