കൊറോണയുടെ രൂപത്തില്‍ ആലിപ്പഴം! അപൂര്‍വ്വ പ്രതിഭാസത്തില്‍ അമ്പരന്ന് ജനങ്ങള്‍
മെക്സിക്കോ: ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി കൊറോണയെന്ന മഹാവ്യാധി പടര്‍ന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങളെല്ലാം തന്നെ കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ അതേ വൈറസിന്റെ ആകൃതിയില്‍ മെക്സിക്കോയില്‍ ആലിപ്പഴം പൊഴിഞ്ഞു വീണത് അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണെന്ന് ഇവിടുത്തെ ജനങ്ങളില്‍ പലരും പറയുന്നത്.
ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.