ഒമ്പത് കോടി ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തില്‍! ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഹാക്കര്‍; നിഷേധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട് ബാപ്റ്റിസ്റ്റ്. എന്നാല്‍ ഇത് നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.
ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും ഒമ്പതു കോടി ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും ഹാക്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങള്‍ പ്രശ്നത്തിലല്ലെന്ന് വ്യക്തമാക്കി.
‘പ്രശ്നം പരസ്യമായി വെളിപ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ അവരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണ്’ എന്ന് ഹാക്കര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും ഹാക്കര്‍ പറയുന്നു.