25.3 C
Kottayam
Saturday, June 15, 2024

മെസിയെ പിന്തള്ളി കുതിപ്പ്; യുവേഫയുടെ 2023ലെ ഏറ്റവും മികച്ച പുരുഷ താരമായി ഹാലൻഡ്, പെപ്പിനും നേട്ടം

Must read

മൊണോക്കോ: ലിയോണൽ മെസിയും കെവിൻ ഡിബ്രുയിനും ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്ന് യുവേഫയുടെ 2023ലെ ഏറ്റവും മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ട് മാഞ്ചസ്റ്റർ സിറ്റിയു‌ടെ നോർവെ താരം എർലിം​ഗ് ഹാലൻഡ്. കഴിഞ്ഞ വർഷം കരീം ബെൻസേമയ്ക്കായിരുന്നു പുരസ്കാരം. സിറ്റിക്കായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും ചാമ്പ്യൻസ് ലീ​ഗിലും നടത്തിയ ​ഗോൽവേട്ടയാണ് ഹാലൻഡിനെ തുണച്ചത്.

പരിശീലകരും മാധ്യമ പ്രവർത്തകരും പങ്കാളികളായ വോട്ടിം​ഗിലൂടെയാണ് വിജയിയെ തെരഞ്ഞെ‌ടുത്തത്. പ്രീമിയർ ലീ​ഗിൽ റെക്കോർഡുകൾ പഴങ്കഥയാക്കി 36 ​ഗോളുകളാണ് ഹാലൻഡ് അടിച്ച് കൂട്ടിയത്. സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീ​ഗിൽ മുത്തമിട്ടപ്പോൾ അതിൽ തിളങ്ങി നിന്നതും 12 ​ഗോളുകൾ കുറിച്ച ഹാലൻഡിന്റെ പേരാണ്. ബാഴ്സലോണയുടെ സ്പാനിഷ് താരം ഐറ്റി ബോൻമാറ്റിയാണ് ഏറ്റവും മികച്ച വനിത താരം.

സിറ്റിയെ പ്രഥമ ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിച്ച പെപ്പ് ​ഗ്വാർ‍ഡിയോള മികച്ച പരിശീലകനായി തെരഞ്ഞെ‌ടുക്കപ്പെട്ടു. ഇം​ഗ്ലണ്ടിന്റെ സരീന വെയ്​ഗ്മാൻ ആണ് വനിത വിഭാ​ഗത്തിൽ മികച്ച പരിശീലകയ്ക്കുള്ള പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിൽ ഏറ്റവും ഗോള്‍ നേടുന്ന താരം ഹാലണ്ട് ആയിരുന്നു. കിലിയന്‍ എംബാപ്പെയേയും ലിയോണല്‍ മെസിയേയും മറികടന്നാണ് ഹാലണ്ടിന്റെ സുവർണ നേട്ടം പേരിലെഴുതിയത്.

ഒരു മെഷീന്‍ കണക്കെ ഗോള്‍ വര്‍ഷിച്ച എര്‍ലിംഗ് ഹാലണ്ട് ടോപ് സ്‌കോറര്‍ പട്ടവുമായാണ് 2022-23 സീസണ്‍ അവസാനിപ്പിച്ചത്. ക്ലബ് തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും രാജ്യാന്തര തലത്തില്‍ നോര്‍വേക്കുമായി ആകെ അടിച്ചു കൂട്ടിയത് 56 ഗോളുകളാണ്. പ്രീമിയര്‍ ലീഗിലും, ചാമ്പ്യൻസ് ലീഗിലും യുവേഫ നേഷന്‍സ് ലീഗിലുമെല്ലാം ടോപ് സ്‌കോററായത് ഈ ഇരുപത്തിരണ്ടുകാരനാണ്. ഹാലണ്ട് പിന്നിലാക്കിയത് മുഖ്യ എതിരാളിയായി പറയപ്പെടുന്ന പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ ആയിരുന്നു.

54 ഗോളാണ് പിഎസ്ജിക്കും ഫ്രാന്‍സിനുമായി എംബാപ്പെ ഈ സീസണില്‍ നേടിയത്. ലോകകപ്പ് ഫൈനലിലെ ഹാട്രിക്കും ഇതില്‍പ്പെടുന്നു. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നായിരുന്നു. ടോട്ടനത്തിനും ഇംഗ്ലണ്ടിനുമായി കെയ്ന്‍ നേടിയത് 40 ഗോളുകള്‍. നാലാമത് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയാണ്. അര്‍ജന്റീനയ്ക്കും പിഎസ്ജിക്കുമായി 38 ഗോളുകളായിരുന്നു മെസിയുടെ സമ്പാദ്യം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week