കൊല്ലത്ത് പട്ടാപ്പകല്‍ പോലീസുകാര്‍ക്ക് നേരെ ഗുണ്ടാവിളയാട്ടം; എ.എസ്.ഐയ്ക്ക് വെട്ടേറ്റു
കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ പട്ടാപ്പകല്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് വെട്ടേറ്റു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിന് നേരേയാണ് ആക്രമണമുണ്ടായത്. വീടുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം ഉമയനല്ലൂര്‍ പള്ളിക്ക് സമീപം എത്തി പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്യാനായി ശ്രമിക്കവെയാണ് പോലീസിനുനേരെ ഇയാള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വടിവാള്‍ ചുഴറ്റിയപ്പോഴായിരുന്നു പോലീസുകാരന് വെട്ടേറ്റത്. പിന്നാലെ ഇയാള്‍ പോലീസിന് നേരേ മരക്കഷ്ണം വലിച്ചെറിയുകയും ചെയ്തു.
ഉമയനല്ലൂര്‍ കുടിയിരുത്തുവയല്‍ സ്വദേശി റഫീഖാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ സമീപത്തെ ഉമയനല്ലൂര്‍ കനാലിനകത്തേക്ക് കയറി ഒളിച്ചു. പോലീസുകാര്‍ ഏറെ പണിപ്പെട്ടിട്ടും ഇയാളെ പുറത്തെത്തിക്കാനായില്ല. പിന്നീട് കൂടുതല്‍ പോലീസ് സൈന്യവും ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ എഎസ്ഐ ബിജുവിന്റെ നില ഗുരുതരമല്ല.