ഏറ്റുമാനൂര്‍ പോലീസിന് നേരെ ഗുണ്ടാ സംഘം പെട്രോള്‍ ബോംബേറിഞ്ഞു; പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത ഏറ്റുമാനൂര്‍ പോലീസിന് നേരെ ഗുണ്ടാ സംഘം പെട്രോള്‍ ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോട്ടമുറിയ്ക്ക് സമീപമായിരിന്നു സംഭവം. ബോംബേറില്‍ പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്കാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രാത്രി ഒരു മണിയോടെ കോട്ടമുറി ഭാഗത്ത് പട്രോളിംഗ് നടത്തുന്ന സമയത്ത് സംശയകരമായ രീതിയില്‍ രണ്ടു കാറുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് സംഘം വാഹനം തടയാന്‍ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ രണ്ടു കാറുകളും പരസ്പരം കൂട്ടിയിടിച്ചു. ഇതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിനെ പിന്തുടര്‍ന്ന പോലീസിന് നേരെ കൈയ്യില്‍ കരുതിയിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചത് എറിയുകയായിരിന്നു. ഭാഗ്യത്തിനാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.
കോട്ടമുറി ഭാഗത്ത് വൈകിട്ട് നാലാംഗ സംഘം വീട്ടില്‍ കയറി ഗൃഹനാഥനുമായി വാക്കേറ്റം ഉണ്ടാക്കിയിരിന്നു. ഇതിന്റെ തുടര്‍ച്ചയാണ് പോലീസിന് നേരെയുള്ള ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഈ വീടിന് നേരെ പ്രയോഗിക്കാന്‍ കൊണ്ടു വന്ന പെട്രോള്‍ ബോംബാണ് സംഘം പോലീസിന് നേരെ പ്രയോഗിച്ചതെന്നാണ് വിവരം. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ കൂടാതെ വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ഏറ്റുമാനൂര്‍ പോലീസ് ബ്രേക്കിംഗ് കേരളയോട് പറഞ്ഞു.