കൊച്ചി: ലോകത്തിലെ ഏറ്റവും നീളമുള്ള തുളസിച്ചെടിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള കുതിപ്പില്‍ പറവൂരിലെ കടക്കര വടക്കേടത്ത് അനില്‍കുമാറിന്റെ വീട്ടിലുള്ള തുളസി. ഈ രാമതുളസിയുടെ ഇപ്പോഴത്തെ ഉയരം 340 സെന്റീമീറ്ററാണ്. തുളസി എത്ര ഉയരത്തിലേക്കെത്തുമെന്ന ആകാംഷയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.
ഗിന്നസ് ബുക്കില്‍ ഇടംനേടിയ ലോകത്തിലെ ഏറ്റവും നീളമുള്ള തുളസിച്ചെടി 334 സെന്റീമീറ്റര്‍ നീളമുള്ളതാണ്. അതു ഗ്രീസിലാണ്. എന്നാല്‍ അതിനെക്കാള്‍ ഉയരമുണ്ട് തന്റെ മുറ്റത്തെ തുളസിക്കെന്ന് അനില്‍കുമാര്‍ പറയുന്നു.
തുളസിത്തറയില്‍ നിന്നിരുന്ന ചെടി ഉയരം കൂടിയപ്പോള്‍ നിലത്തേക്കു പറിച്ചു നട്ടതാണ്. വേനല്‍ക്കാലത്ത് രണ്ടു നേരവും വെള്ളം ഒഴിക്കുമായിരുന്നു. ചില്ലകളിലും വെള്ളം തളിക്കും. കതിര്‍ കൃത്യമായി നുള്ളിക്കളഞ്ഞതു കൊണ്ടാണ് ഇത്രയും ഉയരത്തിലേക്ക് വന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ ചെടി വീഴാതിരിക്കാന്‍ കുറ്റികള്‍ ഉപയോഗിച്ചു താങ്ങി നിര്‍ത്തിയിരിക്കുകയാണ്.