KeralaNews

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുമെന്ന് മെന്‍സ് അസോസിയേഷന്‍; ഉദ്ഘാടകനായി രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

രാഹുല്‍ ഈശ്വറാണ് ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു.

പാലാഭിഷേകത്തെ കൂടാതെ പടക്കം പൊട്ടിച്ചും അസോസിയേഷന്‍ ആഘോഷം നടത്തും. കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഷാരോണ്‍ അര്‍പ്പിച്ച സ്‌നേഹത്തിലും വിശ്വാസത്തിലും വഞ്ചനകാട്ടി ഗ്രീഷ്മ നടത്തിയ കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ചാണ് എം എം ബഷീറിന്റെ ശിക്ഷാവിധി. വിവിധ വകുപ്പുകളിലായി ഗ്രീഷ്മയ്ക്ക് മൂന്നരലക്ഷം രൂപ പിഴയും ചുമത്തി. തുക ഷാരോണിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണം. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ക്ക് തെളിവ്നശിപ്പിച്ച കുറ്റത്തിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.

എട്ടുമാസത്തിനിടെ നാലാമത്തെ കുറ്റവാളിക്കാണ് എഎം ബഷീര്‍ വധശിക്ഷ വിധിക്കുന്നത്.2024 മേയില്‍ സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ റഫീക്ക ബീവിക്ക് എതിരായ കേസിലാണ് എഎം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. 2 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2024 ജനുവരിയിലാണ് എംഎം ബഷീര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ ഗ്രീഷ്മയ്ക്ക് സുപരിചിതമാണ്. റിമാന്‍ഡ് തടവുകാരിയായി ഒന്നരവര്‍ഷക്കാലത്തോളം ഗ്രീഷ്മ ഇതേ ജയിലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഗ്രീഷ്മയ്ക്ക് ഇവിടം പുതിയതല്ല. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ ഈ വര്‍ഷം എത്തുന്ന ഒന്നാം നമ്പര്‍ പ്രതിയായി ഗ്രീഷ്മ. 1 സി 2025 എസ് എസ് ഗ്രീഷ്മ എന്നാണ് ജയില്‍ രേഖകളിലെ അടയാളം. ജയിലില്‍ ആദ്യ നാല് ദിവസം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ഗ്രീഷ്മ.

സെന്‍ട്രല്‍ ജയിലിലെ വനിതാ സെല്ലില്‍ കൂടുതല്‍ തടവുകാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാല്‍ മാത്രമേ പ്രത്യേക സെല്ലിലേക്ക് മാറ്റുകയുള്ളൂ. ഇങ്ങനെ മാറ്റിയിട്ടുള്ള വനിത തടവുകാരാരും സംസ്ഥാനത്തെ ജയിലുകളില്‍ ഇല്ല.

ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.സമര്‍ത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നല്‍കിയത്.

വിധി ന്യായത്തില്‍ ക്രൂര കൊലപാതകത്തെ കുറിച്ച് കോടതി അക്കമിട്ടു പറഞ്ഞു.ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നും കോടതി നീരിക്ഷണം.പ്രണയത്തിന്റെ അടിമയായി മാറിയ ഷാരോണിനെ പ്രകോപനമില്ലാതെയാണ് ഗ്രീഷ്മ കൊന്നത്.ഗാഢമായ സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു.കുറ്റം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗഷലം വിജയിച്ചില്ല. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന ഗ്രീഷ്മയുടെ വാദവും കോടതി തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker