NationalNews

വരന് സിബിൽ സ്‌കോർ കുറവ്; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്‍റെ ബന്ധുക്കൾ; സംഭവം മഹാരാഷ്ട്രയിൽ

മൂർതിസാപൂർ: പല കാരണങ്ങളാൽ വിവാഹ ബന്ധങ്ങളിൽ നിന്നും വധു വരന്മാർ പിന്മാറുന്നത് മുൻപും വാർത്തകളായിട്ടുണ്ട്. രസകരമായതും, അമ്പരിപ്പിക്കുന്നതുമായ പലകാരണങ്ങൾ ഇവയ്ക്ക് പിന്നിലുണ്ടാകാറുമുണ്ട്. അത്തരത്തിൽ നിന്നൊരു സംഭവമാണ് മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വധുവിന്‍റെ കുടുംബമാണ് വിവാഹം വേണ്ടെന്ന് വെച്ചത്. കാരണം കേട്ടാൽ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം. വരന് സിബിൽ സ്കോർ കുറവാണ് എന്ന കാരണത്താലാണത്രേ വധുവിന്‍റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത്.

മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഏതാണ്ട് പറഞ്ഞു ഉറപ്പിച്ചിരുന്നു. എന്നാൽ വധുവിന്‍റെ അമ്മാവന്മാരിൽ ഒരാൾ വരന്‍റെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശനങ്ങളുടെ തുടക്കം. വരന് സിബിൽ സ്കോർ വളരെ കുറവായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും ഒന്നിലധികം വായ്പകൾ ഉള്ളതായും അതോടെ പുറത്ത് വന്നു.

എടുത്ത വായ്പ്പകൾ കൃത്യ സമയത്തിന് തിരിച്ച് അടക്കാത്തത് കൊണ്ടാണല്ലോ സിബിൽ സ്കോർ കുറയാൻ കാരണമാകുന്നത്. അതുകൊണ്ട് തന്നെ വരന്റെ സാമ്പത്തിക സ്ഥിതിയിൽ വധുവിന്റെ ബന്ധുക്കൾക്ക് സംശയമുണ്ടായി. വരൻ അത്ര ഭേദപ്പെട്ട നിലയിൽ അല്ല എന്ന് വിധിയെഴുതിയ വധുവിന്‍റെ ബന്ധുക്കൾ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

വധുവിന്‍റെ അമ്മാവനായിരുന്നു വിവാഹത്തെ പൂർണമായും എതിർത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന പുരുഷൻ തന്‍റെ അനന്തരവൾക്ക് അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെടുകയായിരുന്നു അമ്മാവൻ. ഭാവിയിൽ ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാൾക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തിൽ നിന്നും പിന്മാറി. ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം സിബിൽ സ്കോർ കുറഞ്ഞതിന്‍റെ പേരിൽ ഒരാളുടെ വിവാഹം മുടങ്ങി പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker