വധുവിന്റെ കാലിൽ തൊട്ട് വന്ദിച്ച് വരൻ, വീഡിയോ
സാധാരണയായി നമ്മുടെ നാട്ടിൽ വിവാഹത്തിനും അത് കഴിഞ്ഞാലും ഭാര്യ ഭർത്താവിന്റെ കാലിൽ തൊട്ട് വന്ദിക്കാറുണ്ട്. എന്നാൽ, സമത്വത്തെ കുറിച്ച് എത്രയൊക്കെ നാം സംസാരിച്ചാലും തിരിച്ച് വരൻ വധുവിന്റെ കാലിൽ തൊടുന്നത് കാണാറില്ല. എന്നാൽ, വിവാഹത്തിലും തുടർന്നുള്ള ജീവിതത്തിലും കാണിക്കേണ്ടുന്ന പരസ്പര ബഹുമാനമില്ലായ്മയെയാണ് ഇത് കാണിക്കുന്നത് എന്ന് പറയേണ്ടി വരും.
എന്നാൽ, അടുത്തിടെ നടന്ന ഒരു വിവാഹവീഡിയോ വൈറലായി. അതിൽ വരൻ വധുവിന്റെ കാൽ തൊട്ട് വന്ദിക്കുന്നത് കാണാം. “ഞങ്ങളുടെ പണ്ഡിറ്റിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാൽ ചടങ്ങിന്റെ അവസാനത്തോടെ അദ്ദേഹം എന്നോട് മന്ത്രിച്ചു: നിങ്ങൾ വളരെ ഭാഗ്യവതിയാണ് എന്ന്. എല്ലാ അർത്ഥത്തിലും നിങ്ങളെ തുല്യമായിക്കാണുന്ന ആളെ വിവാഹം കഴിക്കുക“ എന്ന് പോസ്റ്റിന് കാപ്ഷൻ നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 20,000 -ത്തിലധികം ഫോളോവേഴ്‌സുള്ള ബ്ലോഗർ ദിതി ഗോറാഡിയ റോയ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ന്യൂജേഴ്‌സിയിൽ താമസക്കാരിയായ അവൾ ഒരു ബാങ്കിംഗ് അനലിസ്റ്റാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ലൈഫ് സ്റ്റൈൽ, ഫാഷൻ എന്നിവയെ കുറിച്ചാണ് അവൾ സംസാരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോ കണ്ടതും ദമ്പതികൾക്ക് അഭിനന്ദനം അറിയിച്ചതും. മിക്കവരും ഇത് സന്തോഷമുള്ള കാഴ്ചയാണ് എന്നാണ് അഭിപ്രായപ്പെട്ടത്.