മംഗളൂരു: വധുവിന്റെ വീട്ടിലേക്ക് വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്തും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരേ കേസ്. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ചും ആഭാസനൃത്തം ചെയ്തുമാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. സംഭവത്തിൽ മലയാളിയായ വരനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടക പോലീസാണ് വരനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
കാസർകോട് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ ഇത്തരത്തിൽ വേഷം കെട്ടിച്ചത്. രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിരുകടന്ന ആഹ്ലാദ പ്രകടനം. വരന്റെ ദേഹമാസകലം ചായം പൂശുകയും കൊറഗജ്ജ വേഷം അണിയിപ്പിക്കുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധവും ഉയർന്നു. ഹൈന്ദവ സംഘടനാ പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.