News

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 100 പേരെ പങ്കെടുപ്പിച്ച് വിവാഹം; വരനും പിതാവും അറസ്റ്റില്‍

ജലന്ദര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 100 പേരെ പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിന് പഞ്ചാബിലെ ജലന്ദറില്‍ വരനും പിതാവും അറസ്റ്റില്‍. ജലന്ദറിലെ ക്ഷേത്രത്തിലായിരുന്നു വിരുന്ന്. വിവരം ലഭിച്ച് പോലീസ് എത്തിയതോടെ നിരവധി അതിഥികള്‍ പ്രദേശത്തുനിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് പിതാവിനെയും വരനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ 20 പേരെ സംഘടിപ്പിച്ച് നടത്തേണ്ട ചടങ്ങാണ് ലംഘിച്ചത്. വാരാന്ത്യ കര്‍ഫ്യൂവും ഭാഗിക ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ 20ല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ അനുവാദമില്ല. വിവാഹവിരുന്ന് സംഘടിപ്പിക്കാന്‍ വരനും കുടുംബവും അനുവാദം വാങ്ങിയിരുന്നില്ലെന്ന് ജലന്ദര്‍ ഡെപ്യൂടി കമീഷണര്‍ പറഞ്ഞു. അതേസമയം വിവാഹ വിരുന്നില്‍ ഇത്രയും പേര്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നായിരുന്നു വരന്റെ പ്രതികരണം. എങ്ങനെയാണ് ഇത്രയധികം പേര്‍ എത്തിയതെന്ന് അറിയില്ലെന്നും വരന്‍ പറഞ്ഞു.

പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. രാത്രി കര്‍ഫ്യൂ ഉള്‍പെടെ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കൂടാതെ ഏപ്രില്‍ 30വരെ ബാറുകള്‍, സിനിമ തിയറ്ററുകള്‍, ജിമ്മുകള്‍, സ്പാകള്‍, കോചിങ് സെന്ററുകള്‍ തുടങ്ങിയവ അടച്ചിടും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇവിടെ പത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്തണമെങ്കില്‍ അധികൃതരുടെ അനുവാദം വാങ്ങണം. രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button