InternationalNews

ഹൃദയഭേദകം, കൊവിഡിൽ പകച്ച ഇന്ത്യയ്ക്കായി സഹായമഭ്യർത്ഥിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗും

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പകച്ചുനില്‍ക്കുകയാണ് രാജ്യം. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് വിദേശമാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ സ്ഥിതിഗതികളില്‍ വേദന അറിയിച്ചുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് ഗ്രേറ്റ തന്റെ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണ്. ലോകജനത ഇന്ത്യക്ക് വേണ്ടി മുന്നോട്ടുവരണം. ഇന്ത്യക്കാവശ്യമായ സഹായങ്ങള്‍ നല്‍കണം- എന്നതായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്.

‘സ്‌കൈ ന്യൂസി’ന്റെ ഇന്ത്യയില്‍ നിന്നുള്ള വീഡിയോ റിപ്പോര്‍ട്ട് കൂടി ഗ്രേറ്റ തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ദില്ലിയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ഏതാനും മണിക്കൂറുകളുടെ മാത്രം ദൈര്‍ഘ്യതയില്‍ ചികിത്സയ്ക്ക് വേണ്ടി കാത്തിരുന്നവരില്‍ അര ഡസനോളം പേര്‍ മരിച്ചുപോയതായും രോഗികള്‍ ഓക്‌സിജന് വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്.

പ്രമുഖരടക്കം നിരവധി പേരാണ് ഗ്രേറ്റയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരും ട്വീറ്റിന് താഴെ കമന്റുകളുമായി പ്രതികരിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഓക്‌സിജന്‍ ദൗര്‍ലഭ്യം തന്നെയാണെന്നാണ് മിക്കവരും അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടും ഗ്രേറ്റ തന്റെ അഭിപ്രായം അറിയിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ ലോകത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസുകള്‍ വാങ്ങിയതിനാല്‍ ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നുവെന്നുമായിരുന്നു ഗ്രേറ്റ പറഞ്ഞിരുന്നത്. ഏതായാലും ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും ഇന്ത്യക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെ തന്നിലെ മാനവികതയെ ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുകയാണ് ഗ്രേറ്റ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker