തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ഗ്രേഡ് എസ്ഐ ടികെ ഷാജി. തനിക്കെതിരെ നടപടി തെറ്റിദ്ധാരണമൂലമാണ്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഷാജി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖേനെയാണ് പരാതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജോലി ചെയ്തത്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുഅതേസമയം അവഹേളിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രിന്‍സിപ്പല്‍ എസ്ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
ബെവ്റിജസ് ഔട്ലെറ്റില്‍നിന്നും വിദേശി വാങ്ങിവന്ന മദ്യം പൊലീസ് റോഡിലൊഴിപ്പിച്ചതില്‍ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.4 വര്‍ഷമായി കോവളത്തു താമസിച്ച് ഹോം സ്റ്റേ നടത്തുന്ന ഡച്ച് പൗരന്‍ സ്റ്റിഗ് സ്റ്റീവന്‍ ആസ്ബെര്‍ഗിനെ (68) ആണ് കോവളം പൊലീസ് തടഞ്ഞത്. വെള്ളാറിലെ ബെവ്കോ ഔട്ലെറ്റില്‍നിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി ബില്‍ ആവശ്യപ്പെട്ടു.ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്നു വ്യക്തമാക്കി റോഡില്‍ ഉപേക്ഷിക്കാനും നിര്‍ദേശിച്ചു.
പിന്നാലെ 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബില്‍ എത്തിച്ചാല്‍ മതിയെന്നും പൊലീസ് നിലപാടു മാറ്റി. തുടര്‍ന്നു വില്‍പനകേന്ദ്രത്തില്‍ എത്തി ബില്‍ വാങ്ങി വന്ന സ്റ്റീവനെ പൊലീസ് കടത്തിവിട്ടു.
പോലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും വെള്ളിയാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം, ബീച്ചിലേക്കു മദ്യവുമായി പോകരുതെന്ന നിര്‍ദേശമാണ് എസ്ഐ നടപ്പാക്കിയതെന്ന വിശദീകരണവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി.