കൊച്ചി: വിവാദമായ പോലീസ് ആക്ട് ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്നും ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഇക്കാര്യം സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഹര്‍ജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ഭേദഗതിയില്‍ നടപടി സ്വീകരിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിര്‍ദേശം നല്‍കി. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കരുതെന്ന് പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് ഡിജിപി വ്യക്തമാക്കിയത്.
പരാതി ലഭിച്ചാല്‍ പോലീസ് ആസ്ഥാനത്തെ നിയമസെല്ലുമായി ബന്ധപ്പെടണം. നിയമസെല്ലിന്റെ നിര്‍ദേശം അനുസരിച്ചു മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.